ആകാശകൊള്ളയ്ക്ക് തടയിട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി, 2500 രൂപയ്ക്ക് ഇന്ത്യയിലെവിടെയും പറക്കാം

വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് തടയിട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഒരു മണിക്കൂര്‍ വിമാന യാത്രയ്ക്കു 2,500 രൂപയെന്ന പദ്ധതിയനുസരിച്ചുള്ള (ഉഡാന്‍) ആദ്യ വിമാനം 2017 ജനുവരിയില്‍ പറന്നു തുടങ്ങും. രാജ്യത്തെ ചെറുകിട നഗരങ്ങളെ കൂട്ടിയിണക്കി സാധാരണക്കാര്‍ക്കു താങ്ങാനാവുന്ന ചെലവില്‍ വിമാനയാത്ര യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിടുന്നതാണു പദ്ധതി. ഉഡാനില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള വിമാനക്കമ്പനികളില്‍ നിന്നു വ്യോമയാന മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.
ഇതേസമയം, പദ്ധതി നടത്തിപ്പിനു പണം കണ്ടെത്താന്‍ ലെവി ചുമത്തുന്നതോടെ വിമാന യാത്രയ്ക്കു ചെലവേറുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. ഉല്‍പന്ന സേവന നികുതിയിലെ (ജിഎസ്ടി) നികുതി നിര്‍ദേശങ്ങള്‍ വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തുമെന്നു രാജ്യാന്തര വ്യോമയാന സംഘടനയായ അയാറ്റയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഉഡാനിന്റെ ഭാഗമായി ചെറു നഗരങ്ങള്‍ക്കിടയില്‍ ഒന്‍പതു മുതല്‍ 40 വരെ സീറ്റുകളുള്ള ചെറുവിമാനങ്ങളാണു പറക്കുക. പകുതി സീറ്റുകള്‍ക്കു പരമാവധി 2,500 രൂപ വരെയേ ഈടാക്കാവൂ. അവശേഷിക്കുന്നവയ്ക്കു വിപണി നിരക്കു വാങ്ങാം. ലാഭകരമല്ലാത്തതുകൊണ്ടു വിമാനക്കമ്പനികള്‍ സര്‍വീസ് നടത്താന്‍ തയാറാകാത്ത മേഖലകളും നഗരങ്ങളും പദ്ധതിക്കു കീഴില്‍ വരും.
ലാഭകരമായ റൂട്ടുകളില്‍ ലെവി ഏര്‍പ്പെടുത്തിയാണു പദ്ധതിക്കു പണം കണ്ടെത്തുക. ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ഉള്‍പ്പെടുത്തി ഉടന്‍ ഗസറ്റ് പുറപ്പെടുവിക്കുമെന്നു വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബേ പറഞ്ഞു. താരതമ്യേന കുറഞ്ഞ തുകയായിരിക്കും ലെവിയെന്നും അദ്ദേഹം സൂചിപ്പിച്ചു. പദ്ധതി വിജയത്തിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നു വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. ലോകത്ത് ഇതുവരെ ആരും പരീക്ഷിക്കാത്ത പദ്ധതിയാണിതെന്നു സഹമന്ത്രി ജയന്ത് സിന്‍ഹയും അവകാശപ്പെട്ടു.
വിമാനക്കമ്പനികളുടെ നഷ്ടം നികത്തുന്നതിനു നിധി (വയബിലിറ്റി ഗ്യാപ് ഫണ്ട്) രൂപീകരിക്കുന്നതിനാണു ലെവി വിനിയോഗിക്കുക. കേന്ദ്രത്തിനു പുറമെ ബന്ധപ്പെട്ട സംസ്ഥാനങ്ങളും നിധിയിലേക്കു നിശ്ചിത തുക നല്‍കണം. ഇന്ധന നികുതി, സേവന നികുതി, സംസ്ഥാന നികുതികള്‍ തുടങ്ങിയവയില്‍ കമ്പനികള്‍ക്ക് ഇളവു കിട്ടും. പദ്ധതിയുമായി ബന്ധപ്പെട്ട നിയമ നിബന്ധനകള്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ അവലോകനം ചെയ്യും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണു പദ്ധതി നടത്തിപ്പു ചുമതല.
https://www.facebook.com/Malayalivartha



























