സമാജ്‌വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വം ലഭിച്ചതോടെ ബിഹാര്‍ മാതൃകയില്‍ സഖ്യകക്ഷി രൂപീകരണം സജീവമാക്കി അഖിലേഷ് യാദവ്

സമാജ്‌വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വം ലഭിച്ചതോടെ കൂടി അഖിലേഷ് വിഭാഗം സഖ്യകക്ഷി ചര്‍ച്ചകള്‍ സജീവമാക്കി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് വിശാല സഖ്യം രൂപീകരിക്കാനാണ് സാധ്യത. എന്നാല്‍ ഔദ്യോഗിക ഭാരവാഹിത്വം നഷ്ടപ്പെട്ട മുലായം സിങ് യാദവിന്റെ അടുത്ത രാഷ്ട്രീയ നീക്കം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ്, ജെഡിയു, തൃണമൂല്‍, അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍, അപ്നാദളിലെ കൃഷ്ണ പട്ടേല്‍ വിഭാഗം എന്നിവരുമായി ചേര്‍ന്ന് ബിഹാര്‍ മാതൃകയില്‍ സഖ്യകക്ഷി രൂപീകരണമാണ് അഖിലേഷ് ലക്ഷ്യമിടുന്നത്.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി അഖിലേഷിന്റെ വിശ്വസ്തര്‍ ചര്‍ച്ച നടത്തിയിരുന്നു. യുപിയില്‍ 100 സീറ്റുകളാണ് കോണ്‍ഗ്രസിന്റെ ആവശ്യമെങ്കിലും 90 വരെ സീറ്റുകള്‍ നല്‍കിയേക്കുമെന്നാണ് സൂചന. രാഷ്ട്രീയ ലോക്ദളിന് 20 മുതല്‍ 22 വരെ സീറ്റ് നല്‍കും. സഖ്യകക്ഷി സാധ്യതകള്‍ അഖിലേഷ് തീരുമാനിക്കുമെന്ന് രാംഗോപാല്‍ യാദവ് വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ട്ടി ചിഹ്്‌നം നഷ്ടപ്പെട്ട സ്ഥാപക നേതാവ് മുലായം സിങ് മകനെതിരെ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് ഉണ്ടാകില്ലെന്നാണ് സൂചന. അതേസമയം, സഖ്യമില്ലാതെ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച മായാവതിയും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാമെന്ന് കരുതുന്ന ബിജെപിയും സമാജ്്വാദി പാര്‍ട്ടിയിലെ പിളര്‍പ്പ് മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ്.
https://www.facebook.com/Malayalivartha


























