പൈസയില്‍ തൊട്ടുകളിക്കരുത്: പാര്‍ട്ടി ട്രഷറര്‍ സ്ഥാനം തനിക്കു തന്നെയെന്ന് പനീര്‍ശെല്‍വം

ഒപിഎസ് പോര് കടുപ്പിക്കുന്നു. തുറന്ന പോരിനെങ്കില്‍ കാര്യങ്ങള്‍ കൈവിടുമെന്ന് ശശികല. എഐഎഡിഎംകെ യുടെ ട്രഷറര്‍ താന്‍ തന്നെയാണെന്ന അവകാശവാദവുമായി പനീര്‍ശെല്‍വം രംഗത്ത്. പാര്‍ട്ടിയുടെ പ്രധാന അക്കൗണ്ടുകളുള്ള ബാങ്ക് ഓഫ് ഇന്ത്യയ്ക്കും കരൂര്‍ വൈശ്യ ബാങ്കിനും ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കത്തു നല്‍കി. ഇതോടെ പാര്‍ട്ടി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ശശികലയ്‌ക്കോ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ സാധിക്കില്ല.
നേരത്തേ പാര്‍ട്ടിയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ പനീര്‍ശെല്‍വത്തെ ട്രഷറര്‍ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ബാങ്കുകള്‍ക്ക് നല്‍കിയ കത്തില്‍ ഈ നടപടിയെ പനീര്‍ശെല്‍വം എതിര്‍ത്തു. ഇത്തരത്തില്‍ തന്നെ പുറത്താക്കാന്‍ സാധിക്കില്ലെന്നും, നടപടി പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് അനധികൃതമാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ബാങ്കിലെ പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട യാതൊരു പണമിടപാടും തന്റെ അറിവോ സമ്മതമോ കൂടാതെ നടത്തരുതെന്ന ആവശ്യമാണ് ബാങ്കിന് മുന്നില്‍ വച്ചത്.
ഫലത്തില്‍ എ.ഐ.എ.ഡി.എം.കെ യുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നിലയിലാവും. പനീര്‍ശെല്‍വത്തിനെതിരായ നടപടി കോടതി ശരിവയ്ക്കാതെ ഇവര്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. 130 എം.എല്‍.എ മാരെയും സുരക്ഷിത താവളത്തിലേക്ക് ശശികല മാറ്റിയെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പനീര്‍ശെല്‍വത്തിന്റെ പുതിയ നീക്കം.
https://www.facebook.com/Malayalivartha


























