വിമാനത്തില്‍ ബോംബ് ഭീഷണി ഉയര്‍ത്തിയ പ്രതിശ്രുത വധൂവരന്‍മാരായ മലയാളികള്‍ പിടിയില്‍

ഒന്നിച്ച് യാത്ര ചെയ്യാന്‍ വേണ്ടി ഇത്രയും സാഹസികത വേണ്ടായുരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടാകും. ബംഗളുരുവില്‍ ജോലി ചെയ്തിരുന്ന പ്രണയജോഡികള്‍ വിവാഹ നിശ്ചയത്തിനായി നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചിരുന്നു. രണ്ടു പേരും ഒരുമിച്ചുവരാനായിരുന്നു തീരുമാനം. എന്നാല്‍ ട്രാഫിക്ക് ബ്ലോക്ക് കാരണം പ്രതിശ്രുത വധുവിന് സമയത്ത് വിമാനതാവളത്തില്‍ എത്താന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ ഇവര്‍ ഒരു സാഹസം നടത്താന്‍ തീരുമാനിച്ചു.
ഒരു ബന്ധുവിനെ കൊണ്ട് വിമാനതാവളത്തിലേക്ക് ബോംബ് ഭീഷണി പറഞ്ഞ് വിളിപ്പിച്ചു. ആദ്യം പ്രതിശ്രുത വരന്‍ ടെര്‍മിനല്‍ മാനേജരുടെ ഫോണില്‍ വിളിച്ച് വിമാനം വൈകിപ്പിക്കാമോ എന്ന് ചോദിച്ചിരുന്നു. ഇത് നടക്കാതെ വന്നപ്പോളാണ് ഈ സാഹസം നടത്താന്‍ തീരുമാനിച്ചത്. ആറ് മണിക്കൂറോളമാണ് വിമാനം ഇതുമൂലം വൈകിയത്. ഇരുവരുടെയും വിവാഹനിശ്ചയം നാട്ടില്‍ വച്ചാണ് തീരുമാനിച്ചിരുന്നത്. രണ്ടാളും ഏറെ നാളായി പ്രണയത്തിലായിരുന്നു. ബംഗളുരുവില്‍ ജോലി ചെയ്തിരുന്ന രണ്ടുപേരും ഒന്നിച്ചു നാട്ടിലേക്കു പോകാന്‍ തീരുമാനിക്കുകയായിരുന്നു. രാത്രി എട്ടേമുക്കാലിനായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്.
മാവേലിക്കര തഴക്കര കാരയമുട്ടത്തെ പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍നിന്നാണു വിമാനത്താവളത്തിലേക്കു വിളിച്ചത്. പ്രതിശ്രുത വരന്റെ ബന്ധുവാണ് വിമാനത്താവളത്തിലേക്കു വിളിച്ചതെന്നും വ്യക്തമായി. രാത്രി വിമാനത്തില്‍ യാത്രചെയ്യാന്‍ വൈകിയെത്തിയ യാത്രക്കാരെ ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഇത്തരത്തില്‍ ഭീഷണി ലഭിച്ചാല്‍ വൈകി വരുന്ന യാത്രക്കാരെ ചോദ്യം ചെയ്യണമെന്നാണ് നിയമം. നിയമനടപടികള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ മൂന്നിനാണ് വിമാനം പുറപ്പെട്ടത്. ആലപ്പുഴ ജില്ലാ പൊലീസ് ചീഫ് ഈ വിമാനത്തില്‍ യാത്രക്കാരനായുണ്ടായിരുന്നു. ജീവിതത്തിലേക്ക് ഒരുമിച്ച് പറക്കാന്‍ പുറപ്പെട്ടവര്‍ക്കുണ്ടായ ഈ ട്രാജഡി ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























