ജമ്മു കശ്മീരില്‍ അഞ്ചംഗ കുടുംബത്തിന് പശു സംരക്ഷകരുടെ ക്രൂര മര്‍ദനം

ജമ്മു കശ്മീരിലെ രെസി ജില്ലയില്‍ ഗോ രക്ഷകരെന്ന് അവകാശപ്പെട്ട് എത്തിയ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ അഞ്ചംഗ കുടുംബം ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. ഒമ്പതു വയസുകാരി അടക്കമുള്ളവരെയാണ് സംഘം ക്രൂരമായി മര്‍ദിച്ചത്. ഇരുമ്പു വടികളുമായാണ് അക്രമി സംഘം ആക്രമണം നടത്തിയത്.
മര്‍ദനത്തില്‍ ഒമ്പതു വയസുകാരിയായ സമിക്ക് ഗുരുതരമായി പരിക്കേറ്റു. ശരീരത്തിലെ എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരുടെ പക്കലുണ്ടായിരുന്ന ചെമ്മരിയാട്, ആട്, പശു, നായ തുടങ്ങിയ ജന്തുക്കളെ അക്രമികള്‍ തട്ടിയെടുത്തതായും പരാതിയുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അക്രമികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ഉധംപൂര്‍ റേഞ്ച് ഡിഐജിയോട് സംഭവസ്ഥലം സന്ദര്‍ശിക്കാനും കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ പൊലീസ് മേധാവി എസ്പി വൈദ് പറഞ്ഞു. അക്രമി സംഘത്തിലെ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും രെസി പൊലീസ് അറിയിച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ആക്രമണമെന്നും ഒരുവിധത്തിലാണ് അവിടെ നിന്നു തങ്ങളില്‍ ചിലര്‍ രക്ഷപെട്ടതെന്നും കൂടെയുണ്ടായിരുന്ന പത്തു വയസുകാരനെ ഇപ്പോഴും കാണാനില്ലെന്നും ആക്രമണത്തിരയായ നസീം ബീഗം പറഞ്ഞു.
https://www.facebook.com/Malayalivartha

























