ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം പ്രവചിച്ച് എക്‌സിറ്റ്‌പോള്‍ ഫലം

വളരെ ശക്തമായ ത്രികോണമല്‍സരം നടന്ന ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം പ്രവചിച്ച് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. ആകെയുള്ള 270 സീറ്റില്‍ ബിജെപി 200ല്‍ അധികം സീറ്റുകള്‍ നേടുമെന്നാണ് പ്രവചനങ്ങള്‍. ഇന്ത്യ ടുഡെ-ആക്‌സിസ് എക്‌സിറ്റ്‌പോളില്‍ ബിജെപി 202നും 220നും ഇടയില്‍ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ആം ആദ്മി പാര്‍ട്ടി 23-25 വരെ സീറ്റും കോണ്‍ഗ്രസ് 19-31 വരെ സീറ്റും നേടുമെന്നാണ് പ്രവചനം. സിവോട്ടര്‍-എബിപിയുടെ പ്രവചനപ്രകാരം ബിജെപി 218 സീറ്റ് നേടുമെന്നാണ്. എഎപി 24 സീറ്റും കോണ്‍ഗ്രസ് 22 സീറ്റും നേടുമെന്നും പ്രവചിക്കുന്നു.
ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ 54 ശതമാനം പേര്‍ വോട്ടുചെയ്തുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 2012ല്‍ ഇത് 53.9 ശതമാനം ആയിരുന്നു. പ്രദേശിക രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയവും ചര്‍ച്ച ചെയ്ത തിരഞ്ഞെടുപ്പ് ബിജെപി, ആം ആദ്മി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് അഭിമാനപ്പോരാട്ടമാണ്.
ബുധനാഴ്ചയാണ് ഫലം. വോട്ടുചെയ്യാനെത്തിയ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, കേന്ദ്രമന്ത്രിമാര്‍, വിവിധരാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ വിജയപ്രതീക്ഷ പങ്കുവച്ചു. കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി മോദിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളായിരുന്നു തിരഞ്ഞെടുപ്പിന്റെ പ്രധാനചര്‍ച്ചാവിഷയം. രണ്ടുവര്‍ഷത്തെ കേജ്‌രിവാള്‍ ഭരണത്തിന്റെ വിലയിരുത്തലായിരിക്കും ജനവിധിയെന്നാണ് ബിജെപിയുടെ അഭിപ്രായം.
നിയമസഭയില്‍ അംഗത്വമില്ലാത്ത കോണ്‍ഗ്രസിനാകട്ടെ വിജയം അനിവാര്യമാണ്. അതേസമയം, പ്രാദേശികവിഷയങ്ങളും സജീവമായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപിയാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.
https://www.facebook.com/Malayalivartha

























