ഷൂട്ടിങ് താരം ജീവിതത്തിലും താരമായി... ഭതൃസഹോദരനെ അക്രമികളില്‍ നിന്നും രക്ഷിച്ചത് സിനിമാസ്‌റ്റൈലില്‍

ഷൂട്ടിങ് താരം തന്റെ ഭതൃസഹോദരനെ അക്രമികളില്‍ നിന്നും രക്ഷിച്ചത് സിനിമാസ്‌റ്റൈലില്‍. ആയിഷയുടെ ഭര്‍തൃസഹോദരനെ ഒരു സംഘം അക്രമികള്‍ തട്ടിക്കൊണ്ടുപോയതിനെത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ ആസിഫ് തന്റെ ഒഴിവുസമയങ്ങളില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യാറുണ്ടായിരുന്നു.
സംഭവദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് കാറില്‍ വരികയായിരുന്ന ആസിഫിന്റെ കാറില്‍ രണ്ടുപേര്‍ കയറി. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ കാര്‍ മറ്റൊരു വഴിക്ക് തിരിച്ചുവിടാന്‍ കാറില്‍ കയറിയവര്‍ ആവശ്യപ്പെട്ടു. വിജനമായ സ്ഥലത്തെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട അക്രമികള്‍ ആസിഫിന്റെ പേഴ്‌സ് തട്ടിയെടുക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
തുടര്‍ന്ന്, ആസിഫിന്റെ വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്ത് 25,000 രൂപയുമായി ഒരു മണിക്കൂറിനുള്ളില്‍ ശാസ്ത്രി പാര്‍ക്കില്‍ എത്തിച്ചേരാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ആസിഫിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവമറിഞ്ഞ് പരിഭ്രാന്തരായ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. ആസിഫിന്റെ സഹോദരന്‍ ഫലാഖും ആയിഷയും പോലീസ് സംഘത്തിനൊപ്പം ശാസ്ത്രി പാര്‍ക്കിലേയ്ക്ക് തിരിച്ചു. പാര്‍ക്കിനു സമീപമെത്തിയപ്പോള്‍ത്തന്നെ പോലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ അക്രമികള്‍ ആസിഫിനെയും കൊണ്ട് മറ്റൊരു സ്ഥലത്തേയ്ക്ക് കുതിച്ചു.
പണവുമായി ഭജന്‍പുരയില്‍ എത്തിച്ചേരണമെന്നും ഇല്ലെങ്കില്‍ ആസിഫിനെ ഉടന്‍ വധിക്കുമെന്നും ഭീഷണി മുഴക്കി. ആയിഷയും ഭര്‍ത്താവും സിനിമാ സ്‌റ്റൈലില്‍ സംഘത്തെ കാറില്‍ പിന്‍തുടരുകയും ആയിഷ അക്രമികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു. അക്രമികളില്‍ ഒരാള്‍ക്ക് ഇടുപ്പിലും മറ്റൊരാള്‍ക്ക് കാലിലും വെടിയേറ്റു.
പോലീസ് ആയിഷയുടെ കൈത്തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ തോക്ക് ലൈസന്‍സുള്ളതാണെന്നും സ്വയരക്ഷയ്ക്കും ആസിഫിന്റെ ജീവന്‍ രക്ഷിക്കുന്നതിനും വേണ്ടിയായതിനാല്‍ ആയിഷയ്ക്ക് നിയമ പരിരക്ഷ ലഭിക്കുമെന്നും പോലീസ് കമ്മീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു. ഉത്തരമേഖലാ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ 2015ല്‍ വെങ്കലം നേടിയിട്ടുള്ള താരമാണ് ആയിഷ ഫലാഖ്.
https://www.facebook.com/Malayalivartha






















