പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള പൊലീസ് വെരിഫിക്കേഷന്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു

പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള പൊലീസ് പരിശോധന വൈകുന്നുവെന്ന പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഇക്കാര്യം പൂര്‍ണമായും ഓണ്‍ലൈനാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ അടങ്ങിയ ദേശീയ ക്രിമിനല്‍ ഡാറ്റാ ബാങ്കിലെ വിവരങ്ങള്‍ ഉപയോഗിച്ച് പൊലീസ് പരിശോധന അടുത്ത വര്‍ഷത്തോടെ പൂര്‍ണമായും ഓണ്‍ലൈനാക്കി മാറ്റാനാകുമെന്നാണ് പ്രതീക്ഷ.
പാസ്‌പോര്‍ട്ടിനുള്ള ഓണ്‍ലൈന്‍ പൊലീസ് പരിശോധന പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബറില്‍ ബംഗളൂരു നഗരത്തിലാണ് തുടങ്ങിയത്. പദ്ധതി വിജകരമാണെന്ന് കണ്ടതോടെയാണ് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്നത്. ഓണ്‍ലൈന്‍ പോലീസ് പരിശോധനക്കായി ആഭ്യന്തരമന്ത്രാലയം ജില്ലാ പോലീസ് അധികാരികളുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനമാണ് ഒരുക്കുന്നത്.
അപേക്ഷന്റെ പൂര്‍ണ്ണവിവരം ലഭിക്കുന്നതിനായി ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍), ആധാര്‍. സി.സി.ടി.എന്‍.എസ് എന്നിവ സമന്വയിപ്പിച്ച് കൊണ്ടുള്ള സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ അപേക്ഷകന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കില്‍ അറിയുവാനാകും.
അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ്(സി.സി.റ്റി.എന്‍.എസ്) പദ്ധതിയുടെ ഭാഗമായുള്ള ദേശീയ ക്രിമിനല്‍ ഡാറ്റാ ബാങ്ക് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
2009ല്‍ പ്രവര്‍ത്തനം തുടങ്ങിയ പദ്ധതി ഏറെ കാത്തിരിപ്പിന് ശേഷം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുന്‍കൈ എടുത്തതോടെയാണ് യാഥാര്‍ത്ഥ്യമായത്. രാജ്യത്തെ 15,398 പൊലീസ് സ്‌റ്റേഷനുകളെ ബന്ധിപ്പിക്കുന്ന സംവിധാനം വഴി പൗരന്മാര്‍ക്ക് ഓണ്‍ലൈനായി പരാതികള്‍ നല്‍കാനുള്ള സൗകര്യവുമുണ്ട്.
https://www.facebook.com/Malayalivartha
























