മലേഗാവ് സ്‌ഫോടനകേസില്‍ ഒമ്പത് വര്‍ഷത്തിന് ശേഷം കേണല്‍ പുരോഹിത് ജയില്‍ മോചിതന്‍

മലേഗാവ് സ്‌ഫോടന കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ ലഫ്.കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് ഒമ്പത് വര്‍ഷത്തെ ജയില്‍ ജീവിതത്തിന് ശേഷം പുറത്തിറങ്ങി. മുംബയിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ 24 മണിക്കൂറിനകം പൂനെയിലെ സൈനിക കേന്ദ്രത്തിലെത്തി റിപ്പോര്‍ട്ട് ചെയ്യും.
2008ല്‍ മാലേഗാവ് സ്‌ഫോടനകേസില്‍ അറസ്റ്റിലായതോടെ പുരോഹതിനെ സൈന്യത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഈ തീരുമാനം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ സൈന്യം റദ്ദ് ചെയ്തിരുന്നു. ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടിക്കെതിരെ പുരോഹിത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നുമുള്ള കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് ജസ്റ്റിസ് ആര്‍.കെ.അഗര്‍വാള്‍ അദ്ധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്.
പുരോഹിതിനെതിരെ ചുമത്തിയിരുന്ന മകോക്ക നിയമപ്രകാരമുള്ള വകുപ്പുകള്‍ നേരത്തെ കോടതി ഒഴിവാക്കിയിരുന്നു. അതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ഇയാള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ പ്രധാന വാദം. കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) സാധിച്ചിട്ടില്ലെന്നും സാല്‍വെ വാദിച്ചു.

അതേസമയം, വിചാരണ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു എന്‍.ഐ.എയുടെ വാദം. ഇതേ തുടര്‍ന്നാണ് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. പുരോഹിതിനെതിരെ തെളിവുണ്ടെങ്കിലും പ്രഗ്യയ്‌ക്കെതിരെ തെളിവില്ലെന്നാണ് എന്‍.ഐ.എയുടെ വാദം.
2008 സെപ്തംബര്‍ 29ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായ അഭിനവ് ഭരത്തുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു അന്വേഷണം പുരോഹിതിനെതിരെ തിരിഞ്ഞത്. സ്‌ഫോടനത്തിനുപയോഗിച്ച 60 കിലോ സ്‌ഫോടക വസ്തു കരസേനയുടെ പക്കല്‍ നിന്നു മോഷ്ടിച്ചതും പുരോഹിതാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























