വിദൂര നിയന്ത്രിത സംവിധാനം വഴി പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍ പറത്തുന്നതിന് നിയന്ത്രണം , സര്‍ക്കാര്‍ നിയമ നിര്‍മാണത്തിന്

വിദൂര നിയന്ത്രിത സംവിധാനം വഴി പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍ പറത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. ഡ്രോണുകളെ നിരീക്ഷിക്കാനും അവയുടെ അനിയന്ത്രിത ഉപയോഗം തടയാനും ജര്‍മനയില്‍ നിന്ന് പുതിയ സംവിധാനം ഇറക്കുമതി ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. എട്ട് മുതല്‍ 10 കോടിവരെ വില വരുന്ന ഈ ഉപകരണത്തില്‍ റഡാര്‍, റേഡിയോ ഫ്രീക്വന്‍സി ജാമര്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ടാകും. ഡല്‍ഹിയിലെയും ബംഗളൂരുവിലെയും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ ഡ്രോണുകള്‍ തടസപ്പെടുത്തിയത് സുരക്ഷാ ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നടപടി
ദേശീയ സുരക്ഷാ സേന(എന്‍.എസ്.ജി)യ്ക്കും, വ്യാവസായിക സംരക്ഷണ സേന (സി.ഐ.എസ്.എഫ്)യ്ക്കുമാണ് ആദ്യ ഘട്ടത്തില്‍ ഈ ഉപകരണം ലഭ്യമാക്കുക. സിവില്‍ വ്യോമയാന മന്ത്രായത്തെയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം തന്നെ ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ ഡ്രോണുകള്‍ പറത്തുന്നതിന് ഇന്ത്യയില്‍ നിയന്ത്രണങ്ങളുണ്ടെങ്കിലും സാധാരണക്കാര്‍ പോലും ഇത് ഉപയോഗിക്കുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ്. അടുത്തിടെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് താത്കാലികമായി അടച്ചിട്ടിരുന്നു. പലപ്പോഴും പൈലറ്റുമാര്‍ ഇത്തരം ഡ്രോണുകളെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യുമെങ്കിലും ഇക്കാര്യത്തില്‍ എന്ത് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് വ്യക്തമായ ധാരണയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ഡ്രോണുകളെ സംബന്ധിച്ച് പുതിയ നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഈ മാസം തന്നെ ഡ്രോണുകളെ നിയന്ത്രിക്കുന്ന നിയമം ആഭ്യന്തര മന്ത്രാലയം കൊണ്ട് വരുമെന്നാണ് വിവരം. ഡ്രോണുകളുടെ നിര്‍വചനം, ഇവ പറത്തുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍, ഇവ പറത്തുന്നതിന് ആര്‍ക്കൊക്കെ ലൈസന്‍സ് നല്‍കാം, എത് മന്ത്രാലയമാണ് നല്‍കേണ്ടത് തുടങ്ങി ഡ്രോണുകളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് നിയമ നിര്‍മാണെന്നും ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha

























