കോപ്പിയടിക്കാന്‍ ബീഹാര്‍ മുന്നില്‍! ഇത്തവണ കോളേജ് വിദ്യാര്‍ത്ഥികള്‍

കോപ്പിയടിയിലൂടെ വീണ്ടും രാജ്യത്തെ നാണംകെടുത്തുകയാണ് ബിഹാര്‍. നേരത്തേ പത്താം ക്ലാസുകാരാണ് കോപ്പിയടിച്ച് മാനക്കേട് ഉണ്ടാക്കിയതെങ്കില്‍ ഇത്തവണ കോളജുകളിലാണ് സംഭവം. വട്ടത്തിലിരുന്ന് കൂട്ടമായി പുസ്തകം നോക്കി പകര്‍ത്തി പരീക്ഷ എഴുതുന്ന ചിത്രങ്ങളും പുറത്തുവന്നു.
ഭോജ്പുര്‍ ജില്ലയിലെ അറാ നഗരത്തിലുള്ള വീര്‍ കന്‍വര്‍ സിങ് സര്‍വകലാശാലയ്ക്കു കീഴിലെ കോളജുകളിലാണു കൂട്ട കോപ്പിയടി നടന്നത്. വെള്ളിയാഴ്ച നടന്ന ബിരുദ പരീക്ഷയിലാണു നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ക്രമക്കേട് കാണിച്ചത്. മഹാരാജ കോളജ്, പൈഹരിജി മഹാരാജ് കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ വീര്‍ കന്‍വര്‍ സിങ് കോളജിന്റെ ക്ലാസ് വരാന്തയില്‍ ഇരുന്ന് പുസ്‌കം വച്ചാണു പരീക്ഷ എഴുതിയത്. ടെക്സ്റ്റ് ബുക്കും നോട്ടുകളും ഗൈഡുകളും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ ക്ലാസ് മുറിക്കുള്ളില്‍ പരീക്ഷയ്ക്ക് ഇരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും പരീക്ഷ റദ്ദാക്കാന്‍ ഉത്തരവിട്ടതായും സര്‍വകലാശാല വൈസ് ചാന്‍സലര്‍ സയിദ് മുംതാസുദ്ദീന്‍ പറഞ്ഞു. കോപ്പിയടിയിലൂടെ വിവാദമായ ഫിസിക്‌സ് പേപ്പറിന്റെ പരീക്ഷ റദ്ദാക്കിയതായി സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ സഞ്ജയ് കുമാര്‍ ത്രിപാഠിയും അറിയിച്ചു. 300 വിദ്യാര്‍ഥികളുടെ പരീക്ഷയാണു റദ്ദാക്കിയത്. കോപ്പിയടി കണ്ടെത്തിയ ഫിസിക്‌സ് പേപ്പറിന്റെ പുനഃപരീക്ഷ സെപ്റ്റംബര്‍ 20ന് നടക്കുമെന്നും സര്‍വകലാശാല അറിയിച്ചു.
എന്നാല്‍ സംഭവത്തില്‍ വീര്‍ കന്‍വര്‍ സിങ് കോളജ് അധികൃതരുടെ വിശദീകരണവും വന്നിട്ടുണ്ട്. 2300 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യമേ കോളജിലുള്ളൂ എന്ന് പ്രിന്‍സിപ്പല്‍ പരംഹംശ് തിവാരി പറഞ്ഞു. എന്നാല്‍ സര്‍വകലാശാല 4400 വിദ്യാര്‍ഥികളുടെ പരീക്ഷാസെന്ററായി നിശ്ചയിച്ചത് ഈ കോളജിനെയാണ്. ക്ലാസില്‍ തിങ്ങിക്കൂടി ഇരിക്കാന്‍ സാധിക്കാത്തതിനാലും കടുത്ത ചൂട് ഉള്ളതിനാലുമാണ് കുട്ടികള്‍ വരാന്തയിലേക്കു മാറിയത്. സര്‍വകലാശാല സാമ്പത്തിക സഹായം അനുവദിച്ചാല്‍ കൂടുതല്‍ ബഞ്ചും ഡെസ്‌കും വാങ്ങിക്കാമായിരുന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























