കഴുത്തറുക്കാം, എന്ത് ചെയ്യണമെന്ന് ആവശ്യപ്പെടാൻ നിങ്ങൾക്ക് കഴിയില്ല: കോടതി വിധിയെ രൂക്ഷമായി വിമർശിച്ച് മമത

നിങ്ങൾക്ക് കഴുത്ത് അറുത്തെടുക്കാൻ കഴിഞ്ഞേക്കാമെങ്കിലും താൻ എന്ത് ചെയ്യണമെന്ന് ആവശ്യപ്പെടാൻ സാധിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും മമത പറഞ്ഞു. ഗൂഡാലോചനക്കാർക്ക് ഒരിക്കലും വഴിപ്പെടില്ല. ഒക്ടോബർ ഒന്നിന് സംസ്ഥാനത്ത് ലഹളയുണ്ടായാൽ ഈ ഗൂഡാലോചനക്കാർ ആയിരിക്കും ഉത്തരവാദികളെന്നും അവർ പറഞ്ഞു. മുഹ്റം ദിനത്തിൽ ദുര്‍ഗാ വിഗ്രഹ നിമഞ്ജനം നടത്താന്‍ അനുമതി നല്കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അവർ.
മുഹ്റം ദിനം ഉൾപ്പെടെ എല്ലാ ദിവസവും രാത്രി 12 വരെ വിഗ്രഹനിമജ്ജനം നടത്താമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. സർക്കാർ ഇതിന് സുരക്ഷ ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. വിഗ്രഹ നിമജ്ജനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലായിരുന്നു കോടതി ഉത്തരവ്.
മമതയുടെ നടപടിയെയും കോടതി രൂക്ഷമായി വിമർശിച്ചു. ജനങ്ങൾക്കിടയിൽ അതിരുകൾ നിർണയിക്കരുത്. ക്രമസമാധനത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് അധികാരമില്ല. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ നടപടിയെടുക്കണം. രണ്ട് മതങ്ങൾക്കിടയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുത്. ജനങ്ങൾക്ക് അവരുടെ മതത്തിൽ വിശ്വസിക്കാനുള്ള അവകാശമുണ്ടെന്നും കോടതി അറിയിച്ചു.
https://www.facebook.com/Malayalivartha


























