ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തേകാനെത്തി കല്‍വാരി

ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതല്‍ കരുത്തേകാന്‍ ലോകത്തിലെ ഏറ്റവും മികച്ച ആക്രമണ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് കല്‍വാരി എത്തി. ആദ്യ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയായ കല്‍വാരി നിര്‍മ്മിച്ചത് കപ്പല്‍നിര്‍മ്മാതാക്കളായ മസഗോണ്‍ ഡോകാണ്. കടലിനടിയില്‍ ശത്രുക്കള്‍ക്ക് വളരെ എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കാതെ ആക്രമണം നടത്താന്‍ ശേഷിയുള്ള അന്തര്‍വാഹിനിയാണിത്.
ഫ്രഞ്ച് നേവല്‍ ഡിഫന്‍സ് ആന്‍ഡ് എനര്‍ജി കമ്പനി ഡി.സി.എന്‍.എസ് ആണ് കല്‍വാരി രൂപകല്‍പന ചെയ്തത്. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ അന്തര്‍വാഹിനി നാവികസേനയ്ക്ക് കൈമാറി. ഇതിന്റെ കമ്മീഷനിംഗ് വൈകാതെ നടക്കും. നിലവില്‍ ഇന്ത്യയ്ക്ക് 15 അന്തര്‍വാഹിനികളാണുള്ളത്. നാവിക സേനയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കല്‍വാരിയടക്കം ആറ് അന്തര്‍വാഹിനികളാണ് ഇന്ത്യ നിര്‍മ്മിക്കുന്നത്. 23600 കോടിയുടെ പദ്ധതിയാണിത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിദ്ധ്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ അന്തര്‍വാഹിനി പദ്ധതികള്‍ ഇന്ത്യ നടപ്പാക്കുന്നത്. ചൈനയ്ക്ക് 60 അന്തര്‍വാഹിനികളാണ് ഉള്ളത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന ടൈഗര്‍ സ്രാവിന്റെ പേരിലാണ് അന്തര്‍വാഹിനിക്ക് കല്‍വാരി എന്ന് നാമകരണം ചെയ്തിരിക്കുന്നത്. 1967 ഡിസംബര്‍ എട്ടിന് കമ്മീഷന്‍ ചെയ്ത ആദ്യത്തെ കല്‍വാരിയാണ് നാവിക സേനയുടെ ആദ്യ അന്തര്‍വാഹിനി. മൂന്ന് ദശാബ്ദത്തെ സേവനത്തിന് ശേഷം 1996 മെയ് 31 ന് ഇത് ഡീകമ്മീഷന്‍ ചെയ്തു.

മറ്റൊരു അന്തര്‍വാഹിനിയായ ഖണ്ഡേരി ഇക്കഴിഞ്ഞ ജനുവരിയില്‍ കമ്മീഷന്‍ ചെയ്തിരുന്നു. മൂന്നാമത്തെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി കരഞ്ച് ഈ വര്‍ഷമവസാനം നീറ്റിലിറക്കും.
https://www.facebook.com/Malayalivartha


























