കന്നി പ്രസംഗത്തിൽ മോദിയ്ക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റശേഷം ആദ്യ പ്രസംഗത്തിൽത്തന്നെ മോദിയ്ക്കും ബിജെപിക്കുമെതിരെയാണ് രാഹുൽ ഗാന്ധി ശബ്ദമുയർത്തിയത്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി നടത്തിയ പ്രസംഗത്തിൽ ബിജെപിക്കെതിരേ രൂക്ഷവിമർശനങ്ങളാണ് രാഹുൽ പടച്ചുവിട്ടത്. കോണ്‍ഗ്രസ് ആധുനികതയിലേക്കു നയിച്ച ഇന്ത്യയെ മോദി പുരാതന കാലത്തേക്കു തിരിച്ചുനടത്തുകയാണെന്നാണ് രാഹുൽ പറഞ്ഞത്.
'ജനങ്ങളാണ് രാഷ്ട്രീയത്തിന്റെ ആണിക്കല്ല്. എന്നാൽ ഇപ്പോൾ ജനങ്ങളെ ഞെരിച്ചമർത്താനാണ് അധികാരം കൈയാളുന്നവർ രാഷ്ട്രീയം ഉപയോഗിക്കുന്നത്. രാഷ്ട്രീയത്തെ സംബന്ധിച്ച് ധാരാളം ആളുകൾക്കു തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. കോണ്‍ഗ്രസ് ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്കു നയിച്ചു. എന്നാൽ നിലവിലെ പ്രധാനമന്ത്രി ഇന്ത്യയെ മധ്യകാല ഇന്ത്യയിലേക്കു തിരിച്ചുകൊണ്ടുപോകുകയാണ്. തീ കൊളുത്തിക്കഴിഞ്ഞാൽ അത് അണയ്ക്കാൻ എളുപ്പമല്ല എന്നാണ് നമുക്കു ബിജെപിയോടു പറയാനുള്ളത്.
ബിജെപി രാജ്യത്തുടനീളം അക്രമത്തിന്റെ തീ ബിജെപി കൊളുത്തിക്കഴിഞ്ഞു. ബിജെപിയുടെ ഇത്തരം പ്രവർത്തനങ്ങൾക്കു തടയിടാൻ കഴിയുന്നത് കോണ്‍ഗ്രസ് പാർട്ടിക്കും നേതാക്കൾക്കും മാത്രമാണ്. ബിജെപിയെ സഹോദരീ സഹോദരൻമാരായാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. എന്നാൽ അവരുടെ നയങ്ങളോടു യോജിപ്പില്ല. അവർ ശബ്ദങ്ങളെ ഞെരിച്ചമർത്തുന്നു. എന്നാൽ നാം ശബ്ദമുയർത്താൻ സഹായിക്കുന്നു. വളരെ എളിമയോടെ ഞാൻ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നു. മഹാരഥൻമാരുടെ നിഴലിനൊപ്പം ഞാനും നടന്നുനീങ്ങും. കോണ്‍ഗ്രസിനെ ആ പഴയ- പെരുമയുള്ള യുവതയുടെ പാർട്ടിയാക്കുമെന്നു ഞാൻ ഉറപ്പുനൽകുന്നു- രാഹുൽ ഗാന്ധി പറഞ്ഞു.
19 വര്‍ഷങ്ങൾക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ അദ്ധ്യക്ഷ കൈമാറ്റം നടക്കുന്നത്. മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നില്ല. എതിരില്ലാതെയാണ് രാഹുല്‍ അധ്യക്ഷസ്ഥാനത്തേയ്ക്ക് എത്തുന്നത്.
https://www.facebook.com/Malayalivartha
























