കിസാൻ സഭ ശക്തിയാർജ്ജിക്കുന്നു; ഉത്തർപ്രദേശിൽ കർഷക പ്രക്ഷോഭത്തിന് കളമൊരുങ്ങുന്നു

കിസാൻ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ നടന്ന ലോങ്ങ് മാര്‍ച്ചിനുശേഷം ഉത്തർപ്രദേശിലും കര്‍ഷക പ്രക്ഷോഭത്തിന് കളമൊരുക്കുന്നു. ‘ചലോ ലക്‌നൗ’ എന്നു പേരിട്ടിരിക്കുന്ന മാര്‍ച്ച് ഈ മാസം 15ന് യുപിയില്‍ ആരംഭിക്കും. മഹാരാഷ്ട്രയുടെ നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ച ലോങ്ങ് മാര്‍ച്ചിന്റെ വിജയത്തിനുശേഷമാണ് ഉത്തര്‍പ്രദേശിലേക്ക് ‘ചലോ ലക്‌നൗ’വുമായി കിസാന്‍ സഭ എത്തുന്നത്.
കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക, കടങ്ങള്‍ ഉപാധിരഹിതമായി എഴുതിതള്ളുക, വൈദ്യുതി നിരക്ക് വര്‍ധനയും വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍കരണവും അവസാനിപ്പിക്കുക, കന്നുകാലികളെ വാങ്ങാനും വില്‍ക്കാനുമുള്ള നിയന്ത്രണങ്ങള്‍ നീക്കുക, 60 കഴിഞ്ഞ കര്‍ഷകര്‍ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുക, അഴിമതിയും വിലക്കയറ്റവും തടയുക, ജനാധിപത്യാവകാശങ്ങള്‍ക്കെതിരായ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകരുടെ സമരം.
ഈ മാസം ആറിനായിരുന്നു നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് ലോങ്ങ് മാര്‍ച്ച് ആരംഭിച്ചത്. 200 കിലോമീറ്ററുകള്‍ കാല്‍നടയായാണ് സ്ത്രീകളും കുട്ടികളും വയോധികരും അടങ്ങുന്ന വലിയ സംഘം ആസാദ് മൈതാനിയില്‍ എത്തിച്ചേര്‍ന്നത്. കര്‍ഷകര്‍ ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് മാര്‍ച്ച് അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha

























