യെച്യൂരിയും എസ്.ആര്‍.പിയും ആവശ്യപ്പെട്ടിട്ടും മാണി വിഷയത്തില്‍ വ്യക്തമായ മറുപടി പറയാതെ സി.പി.ഐ ദേശീയ നേതൃത്വം ഇന്ന് കേരള ഘടകത്തിനൊപ്പം നിലയുറപ്പിച്ചത് കാനത്തെ ഭയന്നാണോ?

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ എല്‍.ഡി.എഫില്‍ എടുക്കുന്നത് സംബന്ധിച്ച തീരുമാനം സി.പി.എം-സി.പി.ഐ കേരള ഘടകങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ എന്നാണ് കഴിഞ്ഞ ദിവസം ഇരുപാര്‍ട്ടികളുടെയും കേന്ദ്രനേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചത്. അതിന് വിപരീതമായി സി.പി.ഐ ദേശീയ നേതാവ് ഡി.രാജ നിലപാട് മാറ്റി. മാണിയെ ഇടത്പക്ഷത്ത് എടുക്കേണ്ടെന്നും കാനത്തിന്റെയും കേരളഘടകത്തിന്റെയും നിലപാട് തന്നെയാണ് പാര്‍ട്ടിയുടെയും അഭിപ്രായമെന്ന് ഡി. രാജ വ്യക്തമാക്കി. എന്താണ് ഈ മലക്കംമറിച്ചിലിന് പിന്നിലെന്ന് സി.പി.എം കേന്ദ്രനേതൃത്വത്തിന് വ്യക്തതയില്ല.
പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സിപിഎം, സിപിഐ കേന്ദ്ര നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസിന് മോശമല്ലാത്ത വോട്ട് ഉള്ളതിനാല്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെ.എം മാണിക്കെതിരെ പരസ്യവിമര്‍ശനം നടത്തരുതെന്ന് സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും സി.പി.ഐ വഴങ്ങിയില്ല. മാണിയെ മുന്നണിയിലെടുത്താല്‍ സി.പി.ഐയുടെ പ്രസക്തി നഷ്ടമാകുമെന്നും അവരുമായി ചേര്‍ന്ന് സി.പി.എം ഭരണം തുടരുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കേന്ദ്രനേതാക്കളെ അറിയിച്ചു. തുടര്‍ന്നാണ് രാജ ഇന്ന് നിലപാട് മാറ്റിയതെന്ന് അറിയുന്നു.
സി.പി.എം കേരള ഘടകം ഇടപെട്ടതിനെ തുടര്‍ന്ന് പൊളിറ്റ് ബ്യൂറോ നിര്‍ദേശപ്രകാരം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള എന്നിവരാണ് സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി, ദേശീയ സെക്രട്ടറി ഡി. രാജ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. മാണിയെ വേണ്ടെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് സി.പി.എം നേതാക്കള്‍ ചര്‍ച്ചയ്ക്ക് പോയത്. സി.പി.ഐക്ക് ഭരണ സ്വാധീനമുള്ള ഒരേ ഒരു സംസ്ഥാനമാണ് കേരളം. ഇവിടെ നിന്നാണ് കൂടുതല്‍ പ്രവര്‍ത്തനഫണ്ടും മറ്റും ലഭിക്കുന്നത്. അതിനാല്‍ കാനവും കൂട്ടരും പറയുന്നത് കേള്‍ക്കുകയേ കേന്ദ്രനേതൃത്വത്തിന് നിവൃത്തിയുള്ളൂ.
https://www.facebook.com/Malayalivartha

























