ബിജെപിക്ക് പണികൊടുത്ത കോണ്‍ഗ്രസിന്റെ 'രക്ഷകന്‍'; ഒരിക്കലല്ല പലതവണ; എല്ലാത്തിനും ചുക്കാന്‍പിടിച്ച രാഷ്ട്രീയനയതന്ത്രജ്ഞന്‍; വിട്ടുപൊയ രണ്ടു എംഎല്‍എമാരെ വിശ്വാസവോട്ടെടുപ്പ് ദിവസം മടക്കിക്കൊണ്ടുവരുന്നതിലും ഡി കെ ശിവകുമാറിന്റെ നയചാതുര്യം;

കര്‍ണാടകത്തിലെ നാടകീയ രംഗങ്ങള്‍ 'രക്ഷക'നായ ഒരു രാഷ്ട്രീയക്കാരനുണ്ട് ഡി കെ ശിവകുമാര്‍. ബിജെപി ഉയര്‍ത്തിയ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സ്വന്തം എംഎല്‍എമാര്‍ക്ക് സുരക്ഷിതമായ റിസോര്‍ട്ട് വാസം ഒരുക്കിയും, ഒടുവില്‍ അത് സുരക്ഷിതമല്ലാതായപ്പോള്‍ അവരെയുംകൊണ്ട് ഹൈദരാബാദിലേക്ക് പോകുന്നതിലും ചുക്കാന്‍പിടിച്ച രാഷ്ട്രീയനയതന്ത്രജ്ഞന്‍. സ്വന്തം കൂടാരത്തില്‍നിന്ന് ചാടിപ്പോയ രണ്ടു എംഎല്‍എമാരെ വിശ്വാസവോട്ടെടുപ്പ് ദിവസം മടക്കിക്കൊണ്ടുവരുന്നതിലും ഡി കെ ശിവകുമാറിന്റെ നയചാതുര്യം തന്നെയാണ് വിജയം കണ്ടത്. നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിനെയും എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെയും ഇപ്പോള്‍ കുമാരസ്വാമിയെയും രക്ഷിച്ചത് റിസോര്‍ട്ട് രാഷ്ട്രീയത്തിലെ ശിവകുമാറിന്റെ മികവ് തന്നെയാണ് ഈ രാഷ്ട്രീയ കര്‍'നാടക'ത്തില്‍ ബിജെപിക്ക് കൊടുത്ത പണി നടപ്പാക്കിയത് ഡി കെ ശിവകുമാര്‍ ആണെന്ന കാര്യത്തില്‍ സംശയിമില്ല. ഇവിടെ മാത്രമല്ല, അന്യ സംസ്ഥാനങ്ങളിലെ വിശ്വാസവോട്ടെടുപ്പിലും, രാഷ്ട്രീയ അനിശ്ചിതാവസ്ഥകളിലും ശിവകുമാര്‍ രക്ഷകനായി അവതരിച്ചിട്ടുണ്ട്. മുമ്പ് തലതവണ ബിജെപിക്ക് പണി കൊടുക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ ആദ്യത്തെ സംഭവം 2002ല്‍ ആയിരുന്നു. അന്ന് ബിജെപിശിവസേന സഖ്യം അവിശ്വാസം കൊണ്ടുവന്നപ്പോള്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെട്ടപ്പോള്‍ എംഎല്‍എമാരെയുംകൊണ്ട് മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖ് കോണ്‍ഗ്രസ് ഭരിക്കുന്ന അയല്‍ സംസ്ഥാനമായ കര്‍ണാടകയിലേക്കാണ് വന്നത്. മഹാരാഷ്ട്ര എംഎല്‍എമാരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന എസ് എം കൃഷ്ണ നിയോഗിച്ചത് തന്റെ വിശ്വസ്തനായ ഡി കെ ശിവകുമാറിനെയാണ്. കര്‍ണാടകയിലെ നഗരവികസന മന്ത്രിയായിരുന്ന ഡി കെ ശിവകുമാര്‍ എംഎല്‍എമാരെയുംകൊണ്ട് ബംഗളുരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് പോയി. ഒരാഴ്ചയോളം അവരെ അവിടെ പാര്‍പ്പിച്ചു. അതിനുശേഷം വിശ്വാസവോട്ടെടുപ്പ് ദിവസം എംഎല്‍എമാരെ മഹാരാഷ്ട്ര നിയമസഭയിലെത്തിക്കുന്നതുവരെ ശിവകുമാര്‍ ഒപ്പമുണ്ടായിരുന്നു. ഈ സംഭവം ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ വാര്‍ത്തയായപ്പോള്‍ ഡി കെ ശിവകുമാര്‍ എന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവിന്റെ 'കിങ് മേക്കര്‍' പരിവേഷവും ചര്‍ച്ചയായി.
അതുപൊലെതന്നെ 2017 ഓഗസ്റ്റില്‍ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിനെ ഗുജറാത്തില്‍നിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ബിജെപി ശ്രമിച്ചപ്പോള്‍, അവിടുത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് അഭയസ്ഥാനം ഒരുക്കിയതും ശിവകുമാറായിരുന്നു. അന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെയും ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് കൊണ്ടുവന്നതും സുരക്ഷിതമായി തിരികെ അഹമ്മദാബാദില്‍ എത്തിച്ചതും അദ്ദേഹമായിരുന്നു. അതിന് പ്രതികാരമായി ശിവകുമാറിനെതിരെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് ആദായനികുതിവകുപ്പിനെക്കൊണ്ട് ശിവകുമാറിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയെങ്കിലും അദ്ദേഹം പതറയില്ല.
എന്നാല്‍ കര്‍ണാടക കോണ്‍ഗ്രസില്‍ ഡികെഷി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഡി കെ ശിവകുമാര്‍ എന്ന 57 കാരന്‍ വോക്കലിംഗ സമുദായത്തെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തുന്നതില്‍ എക്കാലവും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എക്കാലവും ഗൌഡ കുടുംബത്തിന്റെ എതിരാളിയായാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ അദ്ദേഹം അറിയപ്പെട്ടത് തന്നെ. അതിന്റെ തുടക്കം തന്നെ ജനതാദള്‍ അതികായനായ എച്ച് ഡി ദേവഗൌഡയെ 1989ല്‍ ശാന്തനൂരില്‍ തോല്‍പ്പിച്ച് ആദ്യമായി നിയമസഭയിലേക്ക് ഡികെ വരുമ്പോഴാണ്. 1990ല്‍ ബംഗാരപ്പ മുഖ്യമന്ത്രിയായപ്പോള്‍ താരതമ്യേന ജൂനിയറായിരുന്നെങ്കിലും ഭരണമികവ് കണക്കിലെടുത്ത് ഡികെ ശിവകുമാറിനെ ജയില്‍വകുപ്പ്. മന്ത്രിയാക്കി. അന്ന് 30 വയസില്‍ താഴെ മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായമെന്ന് ഓര്‍ക്കണം. 1994ല്‍ ദേവഗൌഡയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കി അധികാരം പിടിച്ചെടുത്തപ്പോള്‍, ആ കൊടുങ്കാറ്റിനെ അതിജീവിച്ച് ജയം നേടിയ അപൂര്‍വ്വം കോണ്‍ഗ്രസുകാരില്‍ ഒരാളാണ് ഡികെ ശിവകുമാര്‍.
വോക്കലിംഗ സമുദായക്കാരനായ എസ് എം കൃഷ്ണ 1999ല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഡി കെ ശിവകുമാറിനെ നഗരവികസനവകുപ്പ് മന്ത്രിയാക്കി. 2002ല്‍ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കനകാപുര മണ്ഡലത്തില്‍ എച്ച് ഡി ദേവഗൌഡയോട് തോറ്റ ശിവകുമാര്‍ 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍ ദേവഗൌഡയുടെ ഉറ്റ അനുയായിയായിരുന്ന തേജസ്വിനിയെ തോല്‍പ്പിച്ച് ശക്തമായി തിരിച്ചുവന്നു. പക്ഷേ അന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ് എം കൃഷ്ണയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങി. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജെഡിഎസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഭരണം പിടിച്ചെങ്കിലും ഡി കെ ശിവകുമാറിന് മന്ത്രിസഭയിലെത്താനായില്ല. 2014ലാണ് അദ്ദേഹം വീണ്ടും മന്ത്രിയാകുന്നത്.
2013ല്‍ സിദ്ദരാമയ്യ മന്ത്രിസഭ വന്നപ്പോള്‍ അഴിമതി ആരോപണം നേരിട്ട ശിവകുമാറിനെ പരിഗണിച്ചില്ല. എന്നാല്‍ പാര്‍ട്ടിക്കെതിരെ പരസ്യവിമര്‍ശനം ഉന്നയിക്കാതെ അദ്ദേഹം കാത്തിരുന്നു. 2014ല്‍ ഊര്‍ജ്ജവകുപ്പ് മന്ത്രിയായി അദ്ദേഹം മന്ത്രിസഭയിലേക്ക് വീണ്ടുമെത്തി. എന്നാല്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയുമായി അദ്ദേഹത്തിന് അത്ര നല്ല അടുപ്പമില്ലായിരുന്നു. ശിവകുമാര്‍ വിജയിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേസമയം ശിവകുമാറിനെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡ് ആലോചിച്ചെങ്കിലും സിദ്ദരാമയ്യയുടെ എതിര്‍പ്പ് കാരണം നടന്നില്ല. എന്നാല്‍ സിദ്ദരാമയ്യയ്‌ക്കെതിരെയോ പാര്‍ട്ടിക്കെതിരെയോ ഒരു അനിഷ്ടവും പ്രകടിപ്പിക്കാതെ പ്രചരണകമ്മിറ്റി അധ്യക്ഷസ്ഥാനവുമായി മികച്ചരീതിയില്‍ മുന്നോട്ടുപോയി.
എന്നാല്‍ ഇപ്പോള്‍, ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ തന്റെ സ്ഥിരം ശത്രുക്കളായ ഗൌഡ കുടുംബവുമായി ചേര്‍ന്ന് നീക്കങ്ങള്‍ നടത്തിയതില്‍ പ്രധാന പങ്ക് വഹിച്ചത് ഡി കെ ശിവകുമാറായിരുന്നു. എംഎല്‍എമാരെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചതിനും ഹൈദരാബാദിലേക്ക് മാറ്റിയതിനുമെല്ലാം ചുക്കാന്‍ പിടിച്ചു.
കോണ്‍ഗ്രസ് എംഎല്‍എമാരുടെ പൂര്‍ണ നിയന്ത്രണം ഡി കെ ശിവകുമാറിനായിരുന്നുവെന്ന് പറയാം. മറുകണ്ടം ചാടാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള ചുമതല ഭംഗിയായി നിറവേറ്റിയതും ഡി കെ ശിവകുമാറായിരുന്നു.
ഏറ്റവുമൊടുവില്‍ വിശ്വാസവോട്ടെടുപ്പ് ദിവസം രാവിലെ സഭയില്‍ വരാതിരുന്ന രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാരെ മടക്കിക്കൊണ്ടുവരുന്നതിലും നിര്‍ണായകമായത് ഡി കെയുടെ ഇടപെടലായിരുന്നു. എംഎല്‍എമാര്‍ താമസിച്ചിരുന്ന ഗോള്‍ഡ് ഫിഞ്ച് ഹോട്ടലില്‍ നേരിട്ട് എത്തി എംഎല്‍എമാരുമായി ചര്‍ച്ച നടത്തി. ആദ്യമൊന്നും വഴങ്ങാതിരുന്ന ആനന്ദ് സിങിന്റെയും പ്രതാപ് ഗൌഡയുടെയും മനസ് മാറ്റിക്കുന്നതില്‍ ശിവകുമാര്‍ അന്തിമ വിജയം നേടി. ബിജെപിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച നീക്കമായിരുന്നു ഇത്. മുമ്പ് ബിജെപിക്കാരായിരുന്ന ആനന്ദ് സിങും പ്രതാപ് ഗൌഡയും മടങ്ങിവന്നതോടെയാണ് അവസാന പ്രതീക്ഷയും ബിജെപി ക്യാംപിന് നഷ്ടമാകുന്നത്.
https://www.facebook.com/Malayalivartha


























