കാശ്‌മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു, ഒരാള്‍ കീഴടങ്ങി

കാശ്‌മീരിലെ കുല്‍ഗാം മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്‌ബയുടെ കമാന്‍ഡര്‍ അടക്കം രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു തീവ്രവാദി കീഴടങ്ങിയതായും കാശ്‌മീര്‍ പൊലീസ് അറിയിച്ചു.
ഈ മാസം 28ന് അമര്‍നാഥ് തീര്‍ത്ഥയാത്ര ആരംഭിക്കാന്‍ ഇരിക്കെ ദേശീയ പാതയില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് കാശ്‌മീര്‍ പൊലീസ്, സി.ആര്‍.പി.എഫ്, സൈന്യം തുടങ്ങിയ സുരക്ഷാ സേനകളുടെ സംയുക്തസംഘം ഇന്ന് ഉച്ചയ്‌ക്ക് തെരച്ചില്‍ ആരംഭിച്ചത്. ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാളെ തിരിച്ചറിഞ്ഞെങ്കിലും രണ്ടാമനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇയാള്‍ പാക് പൗരനാണെന്നാണ് സംശയം.
കീഴടങ്ങിയ തീവ്രവാദിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തതായും പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. സംഭവത്തിന് പിന്നാലെ കുല്‍ഗാം ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























