അന്വേഷണ ഏജന്‍സിയായ എസ്.എഫ്.ഐ.ഒയ്ക്ക് വീണ വിജയനെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും മാത്രമേ കഴിയൂ; വീണയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരമില്ല; സി.പി.എമ്മിന്റെ മുന്നിലുള്ള ഏക കച്ചിത്തുരുമ്പ് അതാണ്

മാസപ്പടി കേസ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതാണെന്ന് കര്‍ണാടക ഹൈക്കോടതി ചൂണ്ടിക്കാണിച്ചെങ്കിലും അന്വേഷണ ഏജന്‍സിയായ എസ്.എഫ്.ഐ.ഒയ്ക്ക് വീണ വിജയനെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും മാത്രമേ കഴിയൂ. അതിനുമപ്പുറം റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് കൈമാറാനുമാകും അല്ലാതെ വീണയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരമില്ല. അതാണ് സി.പി.എമ്മിന്റെ മുന്നിലുള്ള ഏക കച്ചിത്തുരുമ്പ്. വിചാരണ നടത്തണോ വേണ്ടയോ എന്ന തീരുമാനം കേന്ദ്രസര്‍ക്കാരിന്റേതാണ്. മൂന്നാം തവണയും ബി.ജെ.പി അധികാരത്തിലേറുമെന്ന് ഏതാണ്ട് ഉറപ്പായതോടെ എല്ലാം മോദിയുടെയും അമിത്ഷായുടെയും കൈകളില്‍.
വീണയുടെ കേസ് സി.പി.എമ്മിന്റെ കയ്യില്‍ നിന്ന് പോയതിനാല്‍ നേതൃത്വം ആകെ പരിഭ്രാന്തിയിലാണ്. വീണയെ രക്ഷിക്കാനായി ചില സി.പി.എം നേതാക്കള്‍ ശ്രീ.എമ്മിനെ നേരില്‍ കണ്ടെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ചില സി.പി.എം നേതാക്കള്‍ തന്നോട് ഇതേക്കുറിച്ച് സൂചിപ്പിച്ചതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാമചന്ദ്രന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. സി.പി.എമ്മുമായും ആര്‍.എസ്.എസുമായും വളരെ അടുത്തബന്ധമുളളയാളാണ് ശ്രീ.എം. കണ്ണൂരില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിച്ചത് ശ്രീ.എമ്മാണ്. അന്നെത്തിയ മാധ്യമപ്രവര്‍ത്തകരോട് പിണറായി കടക്ക് പുറത്ത് എന്ന് പറഞ്ഞത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.
അടുത്തിടെ ശ്രീ. എമ്മിന്റെ യോഗാ ഫൗണ്ടേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം തിരുവനന്തപുരം ആക്കുളത്ത് നടന്നിരുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബി.ജെ.പി നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് ശ്രീ.എം. ഒരു പക്ഷെ, അദ്ദേഹം വിചാരിച്ചാല്‍ വീണയ്‌ക്കെതിരെയുള്ള നടപടികള്‍ മയപ്പെടുത്താന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കാം. എന്നാല്‍ ബി.ജെ.പി കേരളഘടകത്തിലെ നേതാക്കന്മാര്‍ക്ക് ആര്‍ക്കും വീണയുടെ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനോട് യോജിപ്പില്ല. കേസ് സംബന്ധിച്ച് വസ്തുതയുണ്ടെന്ന് പൊതുസമൂഹത്തിന് ബോധ്യമായ സ്ഥിതിക്ക് വിഷയത്തിലിടപെടേണ്ട എന്ന നിലപാടാണ് അവര്‍ക്കുള്ളത്.
ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ദ്രോഹിച്ചിട്ടുള്ള സി.പി.എം നേതാക്കളില്‍ പ്രമുഖനാണ് പിണറായി വിജയന്‍. അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ അത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തും. വീണയെ രക്ഷിക്കുന്നതിന് പകരമായി തൃശൂര്‍, തിരുവനന്തപുരം ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പിയെ സി.പി.എം സഹായിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചിരുന്നു. ഈ രണ്ട് സീറ്റുകളും സി.പി.ഐയുടേതാണ്, അതുകൊണ്ട് സി.പി.എമ്മിന് പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ല. സി.പി.എമ്മുമായി യാതൊരു തെരഞ്ഞെടുപ്പ് അടവിനും ഡീലിനും ഇല്ലെന്ന നിലപാടിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. മുന്‍കാല അനുഭവങ്ങള്‍ അങ്ങനെയാണ്. കെ.ജി മാരാരെ ജയിപ്പിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് പല മണ്ഡലത്തില്‍ നിന്നും വോട്ട് വാങ്ങിയ ശേഷം പാലം വലിച്ച ചരിത്രമാണ് സി.പി.എമ്മിനുള്ളത്.
അതേസമയം വീണയുടെ വിഷയം പാര്‍ട്ടിയെ കൂടി ബാധിക്കുന്നതായതിനാല്‍ ഏതറ്റംവരെയും പോകാന്‍ സി.പി.എം നേതൃത്വം തയ്യാറായേക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരടക്കം സൂചിപ്പിക്കുന്നത്. സി.പി.ഐയുടെ സീറ്റുകളില്‍ തോറ്റുകൊടുത്താല്‍ അവര്‍ മുന്നണി വിടുമായിരിക്കും. നിലവില്‍ സപ്‌ളൈകോ അടക്കമുള്ള വിഷയങ്ങളില്‍ സി.പി.ഐയ്ക്ക് കടുത്ത അതൃപ്തിയാണുള്ളത്. അതുകൊണ്ട് സി.പി.ഐ മുന്നണി വിട്ടാലും കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന ലീഗിനെ കൂടെക്കൂട്ടാനാകും. അങ്ങനെ വടകര അടക്കമുള്ള മലബാറിലെ പല സീറ്റുകളും തിരിച്ചുപിടിക്കാനാകുമെന്ന് സി.പി.എം കണക്ക്കൂട്ടുന്നു. സി.പി.എമ്മുമായി അടുക്കുന്നതിനോട് ലീഗിന് പ്രബലവിഭാഗത്തിന് കടുത്ത എതിര്‍പ്പുമുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടിയും കൂട്ടരും മാത്രമാണ് സി.പി.എമ്മിനോട് ഖല്‍ബ് കാട്ടുന്നത്. അതുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുക എന്നത് മാത്രമല്ല വീണയുടെ കേസ് ഒതുക്കിതീര്‍ക്കുക എന്നതും സി.പി.എമ്മിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് സി.പി.എം ജയിച്ചത്. അന്നത്തെ സാഹചര്യമല്ല നിലവിലുള്ളതെങ്കിലും നാല് സീറ്റെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. തൃശൂരില്‍ ത്രികോണ മത്സരം തന്നെയാണ് എന്നതില്‍ സംശയമില്ല.
തിരുവനന്തപുരത്ത് തരൂരിനെ തോല്‍പ്പിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. കൊല്ലത്ത് മുകേഷൊക്കെ ചുമ്മാ ചെന്ന് തോറ്റുകൊടുത്താല്‍ മതി എന്നതാണ് അവസ്ഥ. പത്തനംതിട്ടയില്‍ ഐസക്കിന് വലിയ പിന്തുണയില്ലാത്ത മണ്ഡലമാണ്. കോട്ടയത്ത് ചാഴിക്കാടന് സാധ്യതയുണ്ട്. ആലപ്പുഴ ഇത്തവണയും ആരിഫിനെ ഏറ്റെടുക്കുമോ എന്ന് സംശയമുണ്ട്. എറണാകുളം യു.ഡി.എഫിന്റെ കോട്ടതന്നെ. ചാലക്കുടിയും അവര്‍ക്കൊപ്പം. ആലത്തൂര്‍ തിരിച്ച് പിടിക്കാന്‍ കെ.രാധാകൃഷ്ണന് കഴിഞ്ഞേക്കാം. പാലക്കാട്ടെ സ്ഥിതി പറയാനാകില്ല. വടകര കെ.മുരളീധരന്‍ ഇറങ്ങിയില്‍ ജയം ഉറപ്പ്.
കോഴിക്കോടും കാസര്‍കോടും പൊന്നാനിയും മലപ്പുറവും കണ്ണൂരും യു.ഡി.എഫിനൊപ്പമാണ്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ സി.പി.എം രക്ഷപെട്ടു. ഭരണവിരുദ്ധ വികാരത്തിന് പുറമേ അഴിമതിയും വീണയുടെ മാസപ്പടിയുമാണ് ഇടത് മുന്നണിക്ക് തലവേദനയാകുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ തിരിഞ്ഞ് വോട്ട് പിടിക്കാം എന്നല്ലാതെ മറ്റൊന്നും പറയാനൊക്കില്ല. ഭരണനേട്ടങ്ങളുണ്ടെങ്കിലും ധൂര്‍ത്തും സാമ്പത്തിക പ്രതിസന്ധിയും തിരിച്ചടിയാകും. അതുകൊണ്ട് രണ്ട് മുതല്‍ നാല് വരെ സീറ്റുകള്‍ ഇടത് പക്ഷത്തിന് കിട്ടാന്‍ സാധ്യതയുണ്ട്. അതില്‍ കൂടുതലാണെങ്കില്‍ ഭാഗ്യം. തെരഞ്ഞെടുപ്പ് പോലെ തന്നെ പ്രധാനമായാണ് സി.പി.എം മാസപ്പടി കേസിനെയും കാണുന്നത്. അതില്‍ ആശ്വാസം ലഭിച്ചാല്‍ പകുതി രക്ഷപെട്ടെന്ന് പറയാം.
https://www.facebook.com/Malayalivartha