ഒരു വര്‍ഷമായി ശമ്പളവും ജോലിയുമില്ലാതെ മുറിയില്‍ തന്നെ കഴിയുകയായിരുന്ന ആറ് മലയാളി വനിതകൾ നാട്ടിലേക്ക്...

ഒരു വര്‍ഷമായി ശമ്പളവും ജോലിയുമില്ലാതെ മുറിയില്‍ തന്നെ കഴിയുകയായിരുന്ന ആറ് മലയാളി വനിതകൾ നാട്ടിലേക്ക്. കഴിഞ്ഞ നാലു വര്‍ഷം മുമ്പാണ് ആശുപത്രി ക്ലീനിംഗ് ജോലിക്കായി 800 റിയാല്‍ ശമ്പളത്തിന് ആറ് പേരും സൗദിയില്‍ എത്തിയത്. ആദ്യ രണ്ടു വര്‍ഷം വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ ഇവര്‍ അവധി കഴിഞ്ഞു തിരിച്ചെത്തിയപ്പോഴേക്കും ആശുപത്രിയുമായുള്ള കരാര്‍ അവസാനിച്ചു. അന്ന് മുതല്‍ ഇവര്‍ ദുരിതത്തിലാവുകയായിരുന്നു. തിരുവനന്തപുരം സ്വദേശിനികളായ ഗീത, അഞ്ജലി , മിനി (പത്തനംതിട്ട), ഗീതമ്മ (ആലപ്പുഴ), ശ്രീദേവി (കോതമംഗലം), ഖൈറുന്നിസ (നിലമ്പൂര്‍), എന്നിവരാണ് ദുരിതപര്‍വം താണ്ടി ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്.
എംബസിയില്‍നിന്ന് അനുമതി പത്രം ലഭിച്ചിരുന്ന ശറഫുദ്ദീന്‍ തയ്യില്‍, താഹ കനി എന്നിവര്‍ക്കൊപ്പം ഒ.ഐ.സി.സി പ്രവര്‍ത്തകരായ സദഖത്ത് തോട്ടശ്ശേരി, സജീര്‍ പാങ്ങോട്, ഷഹന്‍ഷാ റഹ്മാന്‍, ജോണ്‍ ഹായില്‍ എന്നിവരുടെ നിരന്തര പരിശ്രമത്തിനൊടുവിലാണ് ഇവരുടെ ദുരിതപര്‍വത്തിന് വിരാമമായത്.
കഴിഞ്ഞ ദിവസം തര്‍ഹീലില്‍ ( നാടുകടത്തല്‍ കേന്ദ്രം ) നിന്നും ഇവരുടെ എക്‌സിറ്റ് ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായ് വഴി നാട്ടിലേക്ക് യാത്രയാവും. കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളവും ജോലിയുമില്ലാതെ മുറിയില്‍ തന്നെ കഴിയുകയാണെന്നും ഭക്ഷണത്തിന് പോലും ഒരു റിയാല്‍ കമ്പനിയില്‍ നിന്നും ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടിട്ട് അതും ചെയ്യുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു.
ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ പുറത്തിറങ്ങാന്‍ പോലും കഴിയാതെ അടച്ചിട്ട മുറിയില്‍ കഴിയുകയായിരുന്നു.ഇവരുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജ്, അല്‍ഫോണ്‍സ് കണ്ണന്താനം , മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ജി.സുധാകരന്‍, എന്നിവര്‍ക്ക് ഇവരുടെ ബന്ധുക്കളും അപേക്ഷ നല്‍കി കാത്തിരുന്നു . റിയാദില്‍ നിന്നും ഇന്ന് പുറപ്പെടുന്ന ഇവര്‍ നാളെ വെളിപ്പിനെ എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരം വിമാനത്തവാളത്തില്‍ എത്തിച്ചേരും.
നിരവധി സാമൂഹ്യ പ്രവര്‍ത്തകരും ഇവരുടെ പ്രശ്‌നത്തില്‍ ഇടപെട്ട് എംബസിക്ക് കത്തെഴുതി. . വനിതാ തൊഴിലാളികള്‍ വിലപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആളുകള്‍ വീക്ഷിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തതോടെ അധികാരികള്‍ നടപടികള്‍ക്ക് ആക്കം കൂട്ടി. മറ്റു സാമൂഹിക പ്രവര്‍ത്തകരെ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനും ചുമതലപ്പെടുത്തി.
https://www.facebook.com/Malayalivartha