ടിപി ചന്ദ്രശേഖരന്റെ അരുംകൊല സിപിഎമ്മിന്റെ ചരമഭൂമികയായി ഒഞ്ചിയം ചരിത്രത്തില്‍ എഴുതപ്പെടുമോ? ഒഞ്ചിയത്തെ പ്രേതം വേട്ടയാടുന്നു

സിപിഎമ്മിന്റെ ചരമഭൂമികയായി ഒഞ്ചിയം ചരിത്രത്തില്‍ എഴുതപ്പെടുമോ...അതിദാരുണമായ 51 വെട്ടുകള്‍ക്ക് ചോരചീന്തി മരിച്ച ഒഞ്ചിയത്തെ ടിപി ചന്ദ്രശേഖരന്റെ ആത്മാവ് സിപിഎമ്മിനെ വേട്ടയാടുകയാണോ.... സിപിഎമ്മിലെ സമഗ്രാധിപത്യത്തിനും നയംമാറ്റങ്ങള്‍ക്കും പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ക്കും നേരേ പ്രതികരിച്ച് ആര്‍എംപി രൂപീകരിച്ച് ഇലക്ഷന്‍ ഗോദയില്‍ സിപിഎമ്മിന്റെ പ്രാദേശിക അടിത്തറയിളക്കുകയും ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ടിപി ചന്ദ്രശേഖരനെ പാര്‍ട്ടിഗുണ്ടകള്‍ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്.
പിണറായി വിജയന്റെ വ്യാഖ്യാനത്തില്‍ പ്രതിയോഗികളൊക്കെ എക്കാലത്തും കുലംകുത്തികളും പരനാറികളും നികൃഷ്ടജീവികളും അഭിവന്ദ്യന്‍മാരുമൊക്കെയാണ്. ടിപി ചന്ദ്രശേഖരന്റെ പ്രവര്‍ത്തന മണ്ഡലമായിരുന്ന ഒഞ്ചിയത്തുതന്നെ ഇപ്പോഴിതാ സിപിഎം അടിതെറ്റിവീഴുന്നു.
ഉരുക്കുകോട്ടയായിരുന്ന ഒഞ്ചിയത്ത് സിപിഎമ്മിന്റെ അടിപറഞ്ഞതിനു പിന്നില്‍ ടിപി ചന്ദ്രശേഖരന്റെ ഇടപെടലുകള്‍ ചെറുതായിരുന്നില്ല. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ കള്ളക്കടത്ത്, കച്ചവട ബിനാമികള്‍ ഒഞ്ചിയം, എറാമല, ഓര്‍ക്കിട്ടശേരി എന്നിവിടങ്ങളില്‍നിന്നുള്ളവരാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുമ്പോള്‍ അവിടെ സിപിഎം വീണ്ടും തകര്‍ച്ചയെ നേരിടുകയാണ്.
പിണറായി വിജയന്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പതനം ഇനിയുള്ള ദിവസങ്ങളില്‍ ഒഞ്ചിയത്തു നടന്നേക്കാവുന്ന ഒരു നിര അറസ്റ്റുകളുടെ പേരിലായിരിക്കാം. പിണറായിയില്‍ സ്ഥാപിതമായ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പതനം ഒരു പിണറായിക്കാരന്റെ ചെയ്തികളുടെ ഫലമായി തകര്‍ന്നുവീഴുന്ന ദയനീയാവസ്ഥ. പിണറായി വിജയന്റെ ഭാര്യ ടി കമലയുടെ ജന്‍മനാടുകൂടിയാണ് ഒഞ്ചിയം കണ്ണൂര്‍ക്കര. ഒഞ്ചിയത്ത് ജനിച്ച ടിപി ചന്ദ്രശേരന്‍ സിപിഎം പ്രതിയോഗിയായതിന്റെ പേരിലാണ് 2012 മേയ് നാലിനു രാത്രി സിപിഎമ്മിന്റെ വാടകക്കൊലയാളികളാല്‍ രക്തസാക്ഷിയാകേണ്ടിവന്നത്. ഏറാമല പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം എന്‍. വേണുവില്‍ നിന്ന് ജനതാദളിന് വിട്ടുകൊടുക്കാനുള്ള പ്രാദേശിക സി.പി.എം നേതാക്കളുടെ തീരുമാനത്തിനെതിരെ ടി.പി.ചന്ദ്രശേഖരനും പ്രാദേശിക സഖാക്കളും പ്രതികരിച്ചതാണ് അവര്‍ ചെയ്ത കുറ്റം. ആ സംഭവങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട് മറ്റു സമാനമനസ്‌കരായ സഖാക്കളോടുചേര്‍ന്ന് ടിപി ചന്ദ്രശേഖരന്‍ 2009ല്‍ ഒഞ്ചിയത്ത് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന ആര്‍എംപി രൂപീകരിക്കുകയായിരുന്നു.
തുടര്‍ന്നു വന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഒഞ്ചിയം മേഖലയില്‍ സിപിഎമ്മിന്റെ അടിപറിഞ്ഞു. ലോക്സഭാ തെരഞ്ഞെടപ്പില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി മത്സരിച്ച ടിപി ചന്ദ്രശേഖരന്‍ 21,000 വോട്ടുകള്‍ നേടി പി ജയരാജന്‍ സഖാവിന്റെ സഹോദരി പി സതീദേവിയെ തോല്‍പ്പിച്ചതിന്റെ പകയും ആ ദാരുണമായ കൊലപാതകത്തിനു പിന്നിലുണ്ടായിരുന്നു. ടിപി വധം ആസൂത്രണം ചെയ്തതിലെ പ്രമുഖര്‍ ഇപ്പോഴിതാ പാര്‍ട്ടിയിലെ കരിവേപ്പിലകളായി പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യപ്പെട്ടിരിക്കുന്നു.
ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പു വേളയില്‍തന്നെ സിഎം രവീന്ദ്രനിലൂടെ ഒഞ്ചിയത്ത് സിപിഎം വീണ്ടും ആരോപണത്തില്‍ ആടിയുലയുന്ന സ്ഥിതിവിശേഷം.. മറ്റൊരു തെരഞ്ഞെടുപ്പുചരിത്രം കൂടി ഒഞ്ചിയത്തിനു പറയാനുണ്ട്. ആര്‍ ശെല്‍വരാജ് സിപിഎം വിട്ടതിനു പിന്നാലെ നടന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു ദിവസമാണ് വിഎസ് അച്യുതാനന്ദന്‍ സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് ടിപി ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീട്ടിലെത്തി ഭാര്യ കെകെ രമയെയും ടിപിയുടെ വൃദ്ധമാതാവിനെയും ആശ്വസിപ്പിച്ചത്. ചന്ദ്രശേഖരന്റെ കൊലപാതകത്തെ ശക്തമായ അപലപിച്ചിരുന്ന വിഎസിന്റെ ഒഞ്ചിയം സന്ദര്‍ശനമാണ് നെയ്യാറ്റിന്‍കരയില്‍ സിപിഎമ്മിന്റെ തോല്‍വിക്ക് കാരണമായതെന്ന് പാര്‍ട്ടി വിധിയെഴുതി.
ബിജെപി നേതാവ് കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ ട്ടെിക്കൊലപ്പെടുത്തിയതുള്‍പ്പെടെ ഒട്ടേറെ കൊലപാതകങ്ങള്‍ക്ക് സിപിഎം ഉപയോഗിച്ച വാടകക്കൊലയാളികളാണ് ചന്ദ്രശേഖരനെയും അരുംകൊല ചെയ്തത്. എക്കാലത്തും കൊലപാതകത്തെയും കൊലപാതകികളെയും നീതികരിക്കുന്നതാണ് സിപിഎം പാര്‍ട്ടി നയം.
ഇപ്പോഴിതാ സിപിഎം അതിശക്തികേന്ദ്രമായ ഒഞ്ചിയത്തുതന്നെ പാര്‍ട്ടി അടിതെറ്റിവീഴുകയാണ്. വടകരയിലും തലശേരിയിലുമൊക്കെ സിപിഎം കണ്ണൂര്‍ നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും പങ്കാളിത്തമുള്ള ഒട്ടേറെ ബിനാമി സ്ഥാപനങ്ങളുടെ വിവരങ്ങളാണ് സിഎം രവീന്ദ്രനിലൂടെ വരും ദിവസങ്ങളില്‍ പുറത്തുവരിക. രാഷ്ട്രീയ അരുംകൊലകളിലെ തിരിച്ചടിയും ശാപവുമൊക്കെ ഒഞ്ചിയത്തുതന്നെ സിപിഎമ്മിനെ വേട്ടയാടുന്ന കാഴ്ചകള്‍ക്കാവും കേരളം ഇനി സാക്ഷ്യം വഹിക്കുക.
"
https://www.facebook.com/Malayalivartha