യാതനകള്‍ക്കൊടുവില്‍ മോചനം: സൗദി ജയിലില്‍ കിടന്നിരുന്ന 3 മലയാളികള്‍ ഉള്‍പ്പെടെ 35 പേര്‍ നാട്ടില്‍ മടങ്ങിയെത്തി

തൊഴില്‍ തട്ടിപ്പിനിരയായി സൗദിയില്‍ ജയിലില്‍ കിടന്നിരുന്ന 3 മലയാളികള്‍ ഉള്‍പ്പെടെ 35 പേര്‍ നാട്ടില്‍ മടങ്ങിയെത്തി. ഏറെ പ്രതീക്ഷകളോടെ സൗദി അറേബ്യയിലേക്ക് വിമാനം കയറിയ ഇവര്‍ ദുരിതപര്‍വം താണ്ടി മരവിച്ച മനസ്സുമായാണ് നാട്ടില്‍ മടങ്ങിയെത്തിയിരിക്കുന്നത്. സൗദി ഭരണകൂടം കനിഞ്ഞതിനാലാണ് ഇവര്‍ക്ക്്് നാട്ടിലേക്ക് മടങ്ങാനായത്. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിലെത്തിയ ഇവര്‍ക്ക് യാത്രയ്ക്കുള്ള വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതും സൗദി ഭരണകൂടമാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്ര സര്‍ക്കാരും സൗദിയിലെ ചില പ്രവാസി സംഘടനകളും ഇവരുടെ മോചനത്തിനായി ഇടപെട്ടു. ഞായറാഴ്ച രാവിലെ 11.30 ന് സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് 35 പേരും കൊച്ചിയില്‍ വന്നിറങ്ങിയത്. കൊല്ലം സ്വദേശി ബ്രിജേഷ്, തിരുവനന്തപുരം സ്വദേശി ഫ്രാങ്ക്‌ലൂന്‍, കോഴിക്കോട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ എന്നിവരാണ് സൗദിയില്‍ നിന്ന് തിരിച്ചെത്തിയ സംഘത്തിലെ മലയാളികള്‍. 6 ബിഹാര്‍ സ്വദേശികള്‍, 7 രാജസ്ഥാന്‍ സ്വദേശികള്‍, 6 ഉത്തര്‍പ്രദേശ് സ്വദേശികള്‍, 5 തമിഴ്‌നാട് സ്വദേശികള്‍, 2 ആന്ധ്രപ്രദേശ് സ്വദേശികള്‍, ഒരു പശ്ചിമ ബംഗാള്‍ സ്വദേശി എന്നിവരുള്‍പ്പെടെയാണ് മൊത്തം 35 പേര്‍ ജയില്‍ മോചിതരായി എത്തിയിരിക്കുന്നത്. പലരും 4 മാസത്തിലേറെയായി സൗദിയില്‍ ജയിലില്‍ കഴിയുകയായിരുന്നു.
24 പേര്‍ മുംബൈയിലെ ഒരു റിക്രൂട്ടിങ് ഏജന്‍സി വഴി സൗദിയിലേക്ക് വിമാനം കയറിയതാണ്. ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികള്‍ക്കായാണ് ഇവരെ കൊണ്ടുപോയത്. വിസയ്ക്കും വിമാന ടിക്കറ്റിനുമൊക്കെയായി ഓരോരുത്തരില്‍ നിന്ന് ഏജന്‍സി ഒരു ലക്ഷത്തോളം രൂപ വാങ്ങി. 50,000 രൂപയാണ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. ആദ്യ 6 മാസം 1200 റിയാല്‍ വീതം ശമ്പളം ലഭിച്ചു. പിന്നീട് കൃത്യമായി ശമ്പളം നല്‍കാതെയായി. ഇതിനെ ചോദ്യം ചെയ്തതോടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച ശേഷം തൊഴില്‍ ഉടമ ഇവരെ പോലീസില്‍ ഏല്പിച്ചു. വിസിറ്റിങ് വിസയിലാണ് ഇവരെ കയറ്റി വിട്ടിരുന്നത്. മടങ്ങിയെത്തിയവരില്‍ മത്സ്യത്തൊഴിലാളികളും ഉണ്ട്്. കടലില്‍ മീന്‍ പിടിക്കാന്‍ പോയപ്പോള്‍ ബഹറിന്‍ അതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ജയിലിലായവരാണിവര്‍. മലയാളികളുടെ ദുരിതം സൗദിയിലെ പ്രവാസി സംഘടനകളാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. സ്വപ്‌നങ്ങളെല്ലാം തകര്‍ന്നെങ്കിലും ജീവനോടെ നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍. മടങ്ങിയെത്തിയവര്‍ക്കെല്ലാം തുടര്‍ യാത്രയ്ക്കായി നോര്‍ക്ക 2000 രൂപ വീതം നല്‍കി. മടങ്ങിയെത്തിയവരെ സ്വീകരിക്കാന്‍ പ്രവാസി സംഘടനാ ഭാരവാഹികളും എത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha