തൊഴിലാളികള്‍ക്കായി ഒരു സിറ്റി... ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഏഷ്യന്‍ ടൗണ്‍ ലേബര്‍ സിറ്റി ദോഹയില്‍

ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലുതും ആധുനിക സൗകര്യങ്ങളെല്ലാമുള്ളതുമായ ദോഹയിലെ ഏഷ്യന്‍ ടൗണ്‍ ലേബര്‍ സിറ്റി പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 13 കിലോമീറ്റര്‍ മാത്രം അകലെയുള്ള ലേബര്‍ സിറ്റിയില്‍ ഒരു ലക്ഷം തൊഴിലാളികള്‍ക്കാണു താമസസൗകര്യം ഒരുങ്ങുന്നത്.
സുരക്ഷ, മികച്ച ജീവിതാന്തരീക്ഷം, വിനോദ മേഖല, മാളുകളിലേക്കും സിനിമാ തിയറ്ററിലേക്കും പോകാനുള്ള സൗകര്യം തുടങ്ങിയവയാണ് ഏഷ്യന്‍ ടൗണ്‍ ലേബര്‍ സിറ്റിയെ ശ്രദ്ധേയമാക്കുന്നത്. രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് ലേബര്‍ സിറ്റി രൂപകല്‍പന ചെയ്തിട്ടുള്ളത്. വാണിജ്യകേന്ദ്ര, വിനോദ കേന്ദ്രം ഒരു ഭാഗത്തും താമസസ്ഥലം മറ്റൊരു ഭാഗത്തുമായാണു രൂപകല്‍പന. 200ലധികം കടകള്‍ വാണിജ്യകേന്ദ്രത്തിലുണ്ട്.
ഇതിനു പുറമേ ക്രിക്കറ്റ് സ്‌റ്റേഡിയം, സിനിമാശാലകള്‍, ഓപ്പണ്‍ എയര്‍ തിയറ്ററുകള്‍ എന്നിവയും ഇവിടെയുണ്ട്. താമസസ്ഥലത്തിനോടു ചേര്‍ന്നു മെഡിക്കല്‍ ക്ലിനിക്കും ബസുകളുടെ പാര്‍ക്കിങ് സൗകര്യവും മറ്റും ക്രമീകരിച്ചിട്ടുണ്ട്. വ്യായാമത്തിനുള്ള സ്ഥലം, പുല്‍ത്തകിടി എന്നിവയ്ക്കു പുറമേ വിവിധ സ്ഥലങ്ങളിലായി പബ്ലിക് ടെലിഫോണ്‍ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. ചില ഭാഗത്തു വൈ ഫൈ സൗകര്യവും ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ടു മസ്ജിദുകളും ഇവിടെയുണ്ട്. 6500ലധികം വിശ്വാസികളെ ഉള്‍കൊള്ളാന്‍ കഴിയുന്നതാണ് ഒരെണ്ണം. ഇതു ഖത്തറിലെ രണ്ടാമത്തെ ഏറ്റവും വലിപ്പമുള്ള മസ്ജിദാണ്. നിരീക്ഷണ ക്യാമറകളുടെ വലയത്തിലാണ് ലേബര്‍ സിറ്റി മുഴുവനും. ഇതിലൂടെ ശക്തമായ സുരക്ഷയാണു ലക്ഷ്യമിടുന്നത്. രണ്ടു പൊലീസ് കേന്ദ്രങ്ങളും ഇവിടെയുണ്ട്.
രണ്ടായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള മെഡിക്കല്‍ ക്ലിനിക്കില്‍ അടിയന്തര ചികില്‍സ നല്‍കാന്‍ സൗകര്യമുണ്ട്. കൂടുതല്‍ ചികില്‍സ വേണ്ടവരെ പുതുതായി ആരംഭിക്കുന്ന വര്‍ക്കേഴ്‌സ് ആശുപത്രിയിലേക്കു മാറ്റും. നിലവില്‍ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തില്‍ നില്‍ക്കുന്ന വര്‍ക്കേഴ്‌സ് ഹോസ്പിറ്റല്‍ അടുത്ത വര്‍ഷമാദ്യം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha