വാഹനം ജാക്കിയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടം... തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ വാഹനം ജാക്കിയില്‍നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
ഹഫര്‍ അല്‍ ബാത്വിനില്‍ മരിച്ച തമിഴ്‌നാട് നാമക്കല്‍ സ്വദേശി സുന്ദരം രാമസ്വാമിയുടെ (59) മൃതദേഹമാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചത്. ഹഫര്‍ അല്‍ ബാത്വിന്‍ സനാഇയ്യയില്‍ 30 വര്‍ഷത്തോളമായി പഞ്ചര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു സുന്ദരം. ടാങ്കര്‍ ലോറിയുടെ പഞ്ചര്‍ ഒട്ടിക്കുന്നതിനിടയില്‍ ജാക്കി തെന്നിമാറി വാഹനം ശരീരത്തിലേക്ക് കയറിയാണ് അപകടം സംഭവിച്ചത്.
ഗുരുതര പരിക്കേറ്റ സുന്ദരത്തെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. രണ്ടാഴ്ച നീണ്ടുനിന്ന പൊലീസ് അന്വേഷണത്തിനും ഫോറന്‍സിക് പരിശോധനക്കും ശേഷം ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്ത് നിയമനടപടികള്‍ പൂര്‍ത്തിയാക്കി.
സുഹൃത്തുക്കളായ ഗോപാല്‍, ചെല്ലപ്പന്‍ എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങി ഇന്‍ഡിഗോ വിമാനത്തില്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കാര ചടങ്ങുകള്‍ നടന്നു.
https://www.facebook.com/Malayalivartha