സ്വദേശിവത്കരണം: മൊബൈല്‍ ഫോണ്‍ കടകളില്‍ ഇന്നു മുതല്‍ സൗദികള്‍, മലയാളികള്‍ പ്രതിസന്ധിയില്‍

സൗദിയിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ പകുതി ജീവനക്കാരും സൗദികളായിരിക്കണമെന്ന തൊഴില്‍ വകുപ്പ് തീരുമാനം ഇന്നു നടപ്പാകും. റമദാന്‍ ഒന്നു മുതല്‍ മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണി എന്നീ മേഖലകളില്‍ 50 ശതമാനം ജീവനക്കാരും സെപ്റ്റംബര്‍ മുതല്‍ മുഴുവന്‍ ജീവനക്കാരും സൗദികളായിരിക്കണമെന്നാണ് ഉത്തരവ്. തീരുമാനം നടപ്പാക്കുന്നതോടെ മലയാളികളുള്‍പ്പെടെ നിരവധി വിദേശികളുടെ ജോലി നഷ്ടമാകും.
വിദേശികള്‍ക്ക് പകരമായി സ്വദേശികളെ കണ്ടെത്തുന്നതിന് തൊഴില്‍ വകുപ്പ്, മാനവ വിഭവശേഷി വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിരുന്നു. ഇത് പൂര്‍ത്തിയാക്കിയ 34,218 പേര്‍ വിദേശികള്‍ക്ക് പകരമായി തിങ്കളാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കും. ഇതില്‍ 21,844 പേര്‍ യുവാക്കളും 12,374 പേര്‍ യുവതികളുമാണ്. കൂടാതെ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മൊബൈല്‍ കടകളില്‍ പ്രായോഗിക പരിശീലനം നല്‍കുന്ന പദ്ധതിക്കും തുടക്കമായി. നിയമം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. നിയമലംഘകരെ കണ്ടെത്തുന്നതിന്റെ ഭാഗമായി പരിശോധനക്ക് വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നാല് മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. ഇതിനായി ഉദ്യോഗസ്ഥരെ സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും പ്രധാന നഗരങ്ങളിലും മൊബൈല്‍ വിപണികളിലും പരിശോധന നടക്കും. ഇതിനായി ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. പൊലീസിന്റെ സാന്നിധ്യത്തിലായിരിക്കും ഉദ്യോഗസ്ഥരെത്തുക. ഇനിയും പരിശീലനം നേടാന്‍ താല്‍പര്യമുള്ള സ്വദേശികള്‍ക്ക് അതിനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബറോടെ വിദേശികളെ ഈ മേഖലയില്‍നിന്ന് പൂര്‍ണമായി മാറ്റിനിര്‍ത്തുക എന്ന തീരുമാനത്തിലാണ് തൊഴില്‍ വകുപ്പ് മുന്നോട്ടുപോകുന്നത്
സ്വദേശിവത്കരണം പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ പിഴയും ശിക്ഷയുമുണ്ടാകുമെന്ന് ഔദ്യോഗിക വക്താവ് ഖാലിദ് അബ അല്‍ഖൈല്‍ പറഞ്ഞു. ഏറ്റവും കുറഞ്ഞ പിഴ 20,000 റിയാലാണ്. കട അടച്ചുപൂട്ടുന്നതിന് പുറമെ ജോലിയിലുള്ള വിദേശി തൊഴിലാളികളെ നാടുകടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha