ഭയാനക ശബ്ദത്തോടെ ഗ്ലാസ്സുകള്‍ ഇടിച്ചുതെറിപ്പിച്ച് പിക് അപ് വാന്‍ വന്നു, നഷ്ടമായത് കുടുംബത്തോടപ്പം ഭക്ഷണം കഴിക്കാനിരുന്ന റുഖിയയുടെ ജീവന്‍

ഭക്ഷണ ശാലയിലേക്ക് അബദ്ധത്തില്‍ പാഞ്ഞുകയറിയ പിക് അപ് വാന്‍ നഷ്ടമാക്കിയത് സന്ദര്‍ശക വിസയില്‍ അജ്മാനിലെത്തിയ റുഖിയയുടെ ജീവന്‍. അജ്മാനില്‍ വ്യാപാരം നടത്തി വരികയായിരുന്ന ഭര്‍ത്താവിനെ കാണാന്‍ നാട്ടില്‍ നിന്നും വിമാനം കയറിയതായിരുന്നു റുഖിയ. വിസിറ്റിങ് വിസയില്‍ കഴിഞ്ഞ 14 നു അജ്മാനിലെത്തിയതായിരുന്നു പുന്നയൂര്‍ക്കുളം എടക്കര കാളച്ചങ്ങന്‍ വീട്ടില്‍ ഉസ്മാന്റെ ഭാര്യ റുഖിയ ഉസ്മാന്‍ (47).
മകളുടെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ റുഖിയ കയറിയ മക് ഡൊണാള്‍ഡ്‌സിന്റെ ഭക്ഷണ ശാലയിലേക്കായിരുന്നു പിക് അപ് വാന്‍ ഇടിച്ചു കയറിയത്. അപസ്മാര രോഗമുണ്ടായിരുന്ന സ്വദേശി ഡ്രൈവര്‍ക്കു രോഗം മൂര്‍ഛിച്ചതിനാല്‍ നിയന്ത്രണം വിട്ട പിക് അപ് വാന്‍ ഭക്ഷണ ശാലയിലേക്ക് അബദ്ധത്തില്‍ ഇടിച്ചു കയറുകയായിരുന്നു.കാര്‍ പാര്‍ക്ക് ചെയ്യുന്നതിടയില്‍ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നു ഡ്രൈവര്‍ക്കു വാഹനത്തിന്റെ നിയന്ത്രണം കൈവിട്ടു പോവുകയായിരുന്നു. പിക് അപ് വാന്‍ കടയുടെ ചില്ലുകള്‍ തകര്‍ത്ത് അകത്തേയ്ക്കിടിച്ചു കയറിയതിനാല്‍ രക്ഷപ്പെടാന്‍ അവസരം ലഭിക്കാതെ പോവുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ റുഖിയ സംഭവ സ്ഥലത്തു വച്ചു തന്നെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
മകള്‍ ഷീനുവിന്റെ മകന്‍ മുഹമ്മദ് ഇന്‍ഷാന്‍ (രണ്ട്), ഷീനുവിന്റെ ഭര്‍തൃസഹോദരന്‍ എന്നിവരുടെയും മറ്റു മൂന്നു പേരുടെയും ശരീരത്തില്‍ ചില്ലുകഷണങ്ങള്‍ തറച്ചുകയറിയതിനാല്‍ ഇവര്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലുമാണ്. സംഭവത്തില്‍ റുഖിയയെ കൂടാതെ അജ്മാനിലെ ഒന്‍പതുവയസുകാരനും മരണത്തിനു കീഴടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha