പ്രവാസജീവിതം സഫലമായി, നാലു മക്കളും എംബിബിഎസുകാര്‍

കുഞ്ഞിമുഹമ്മദ് എന്ന ബാപ്പൂട്ടിയുടെ ഖത്തറിലെ പ്രവാസജീവിതത്തിന് 30 വര്‍ഷമാകാന്‍ പോകുന്നു. ഇത്രയും കാലം എന്തുനേടിയെന്ന് ചിലരെങ്കിലും കളിയാക്കി ഇദ്ദേഹത്തോട് പലപ്രാവശ്യം ചോദിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെ മനസ്സുപിടയുമായിരുന്നു. കാരണം കാര്യമായൊന്നും അതുവരെ നേടാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. എന്നാല്‍ ഇപ്പോള്‍ ആരും ചോദിക്കാതെതന്നെ ബാപ്പൂട്ടി അങ്ങോട്ട് കയറി പറയും; പ്രവാസജീവിതംകൊണ്ട് ഗുണമുണ്ടായി.
ബാപ്പുട്ടിയുടെ പിതാവിന്റെ സ്വപ്‌നം ബാപ്പുട്ടിയെ ഡോക്ടറാക്കണം എന്നായിരുന്നു. എന്നാല്‍ സ്‌കൂള്‍ ഫസ്റ്റായിരുന്നിട്ടും അത് നിറവേറ്റപ്പെട്ടില്ല. ഇപ്പോഴാകട്ടെ ആ സ്വപ്‌നം ബാപ്പുട്ടി തന്റെ മക്കളിലൂടെ നിറവേറ്റപ്പെടുകയാണ്. ദൈവാനുഗ്രഹം തുണയാകുകയാണെങ്കില്‍ അത് വരുംനാളുകളിലൂടെ യാഥാര്‍ഥ്യമാകും.
മലപ്പുറം തിരൂരിനടുത്തുള്ള ബാപ്പൂട്ടിയുടെ നാല് മക്കളും എം.ബി.ബി.എസ് പഠനത്തിലാണ്.
അതില്‍ മൂത്തമകള്‍ മുര്‍ഷിദ ആലപ്പുഴ ഗവ. കോളജില്‍ അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. രണ്ടാമത്തെ മകള്‍ സുമാനത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. മൂന്നാമത്തെ മകള്‍ നസ്‌ല ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ പഠനം കഴിഞ്ഞ് സ്റ്റഡിലീവിലാണ്. ഇളയ മകന്‍ മുഹമ്മദ് മുസ്തഫ സാഗര്‍ കേരള എന്‍ട്രന്‍സില്‍ 529ാം റാങ്ക് നേടി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഈമാസം 12ന് പ്രവേശനം നേടി. ഇവരെല്ലാം പഠിക്കുന്നത് മെറിറ്റ് സീറ്റുകളിലാണെന്നതും സന്തോഷത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.
തിരൂര്‍ പോളിടെക്‌നിക്കിലെ 1981-84 ബാച്ച് വിദ്യാര്‍ഥിയായി വിജയിച്ച ബാപ്പൂട്ടി ആദ്യ ഒരു വര്‍ഷം സൂപ്പര്‍മാര്‍ക്കറ്റിലും പിന്നീട് എട്ടുവര്‍ഷം സെയില്‍സ് എക്‌സിക്യൂട്ടിവായും ജോലി ചെയ്തു. ആദ്യത്തെ അഞ്ചുവര്‍ഷം ജോലിയുടെ ഒഴിവുസമയങ്ങളിലെല്ലാം ബേക്കറി വിതരണക്കാരനായും ജോലി നോക്കി. പിന്നീടാണ് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലി അദ്ദേഹത്തിന് ലഭിച്ചത്. വളരെ കഷ്ടപ്പെട്ടാണ് ബാപ്പുട്ടി മക്കളെ വളര്‍ത്തി പഠിപ്പിച്ചത്. ഒന്നും നേടാനായില്ലെങ്കിലും മക്കളെല്ലാം ഡോക്ടറാകാന്‍ പോകുകയാണല്ലോ എന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ബാപ്പുട്ടി.
https://www.facebook.com/Malayalivartha