ദുബായ് വിമാനത്താവളത്തില്‍ സര്‍വീസുകള്‍ പൂര്ണനിലയിലായി, ദിവസങ്ങളായി കുടുങ്ങികിടക്കുന്ന യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
ദുബായില്‍ വിമാനാപകടത്തെ തുടര്‍ന്നു പ്രവര്‍ത്തനം ഭാഗികമായി മുടങ്ങിയിരുന്ന രാജ്യാന്തര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ പൂര്‍ണതോതിലായി. നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയതായി ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. നിശ്ചിത സമയക്രമം അനുസരിച്ചു തന്നെയാണു സര്‍വീസുകള്‍ നടത്തുന്നത്. ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ കഴിയുംവേഗം ലക്ഷ്യത്തിലെത്തിക്കാന്‍ വിമാനക്കമ്പനികള്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ഇത്തിഹാദ് എയര്‍വേയ്സുമായി കോഡ് ഷെയറിങ് ഉള്ള ജെറ്റ് എയര്‍വേയ്സ് ഇന്നലെ മുതല്‍ എല്ലാ സര്‍വീസുകളും പുനരാരംഭിച്ചതായി അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ചില സര്‍വീസുകള്‍ റദ്ദാക്കുകയും ഷാര്‍ജ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലേക്കു സര്‍വീസ് തിരിച്ചുവിടുകയും ചെയ്തിരുന്നു. ഇന്‍ഡിഗോയും ദുബായിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനരാരംഭിച്ചിട്ടുണ്ട്. സര്‍വീസുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്കു യാത്രക്കാര്‍ അതതു സ്ഥലങ്ങളിലെ ഓഫിസുകളുമായി ബന്ധപ്പെടണമെന്നു വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് റണ്‍വേയില്‍ വിമാനം തീപിടിച്ചു പൊട്ടിത്തെറിച്ചതിനെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമായി നടന്നുവരികയാണ്. വിവിധ മേഖലകളിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന വിപുലമായ സംഘമാണ് അന്വേഷണം നടത്തുന്നത്. വിശദ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. അപകടത്തെ തുടര്‍ന്ന് അഞ്ഞൂറിലേറെ സര്‍വീസുകള്‍ റദ്ദാക്കുകയും നൂറുകണക്കിനു സര്‍വീസുകള്‍ വൈകുകയും ചെയ്തിരുന്നു. പതിനായിരക്കണക്കിനു യാത്രക്കാരെ സര്‍വീസ് തടസ്സങ്ങള്‍ ബാധിച്ചു.
https://www.facebook.com/Malayalivartha