മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഓസ്‌ട്രേലിയയിലെ വാഹനാപകടത്തില്‍ അങ്കമാലി സ്വദേശിനിയായ മലയാളി യുവതി മരിച്ചു. അങ്കമാലി ചമ്പാനൂര്‍ കാച്ചപ്പിള്ളി കുടുംബാംഗം ആന്‍മേരി ജോയി (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പെര്‍ത്തിലെ മാര്‍ട്ടിന്‍ പ്രദേശത്തെ ടോക്കിന്‍ ഹൈവേ – മില്‍സ് റോഡ് വെസ്റ്റ് ജംഗ്ഷനില്‍ വെച്ചാണ് അപകടം ഉണ്ടായത്. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ ആഘാതത്തില്‍ ആന്‍മേരിക്ക് ഗുരുതരമായി പരുക്കേറ്റു.
ഉടന്‍ തന്നെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ആന്‍മേരിയെ സമീപത്തെ റോയല്‍ പെര്‍ത്ത് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ മണിക്കൂറുകളോളം ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചികിത്സയിലിരിക്കെ ആന്‍മേരി മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടത്തില്‍ മറ്റൊരു വാഹനം ഓടിച്ചിരുന്ന 33 കാരനും ഗുരുതര പരുക്കുകളോടെ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ നിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തിന്റെ കാരണത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.ആന്‍മേരിയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത അറിഞ്ഞ് പെര്‍ത്ത് മലയാളി സമൂഹം മുഴുവന്‍ ദുഃഖത്തിലാണ്. ജോലിയുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയില്‍ താമസിച്ചുവരികയായിരുന്നു ആന്‍മേരി.
https://www.facebook.com/Malayalivartha



























