തോൽവി തകർത്തപ്പോൾ പ്രാർത്ഥന ജീവിതത്തിലേക്ക് പിടിച്ചുയർത്തി : ഹില്ലരി ക്ലിന്റൺ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നേരിട്ട തോൽവി മറികടക്കാനായത്
പ്രാർഥനയും യോഗയും മൂലമാണെന്ന് ഹില്ലരി ക്ലിന്റൺ. ന്യൂയോർക്കിലെ റിവർസൈഡ് പള്ളിയിൽ നടന്ന ഒരു ചടങ്ങിനിടെയാണ് ഹില്ലരി തന്റെ വേദന പങ്കുവെച്ചത്.
കഴിഞ്ഞവർഷം നവംബർ ഒൻപതിനാണ് ഹില്ലരിയെ തോൽപ്പിച്ചു ട്രംപ് അധികാരത്തിൽ വരുന്നത്. അവസാനനിമിഷം വരെ വിജയിക്കുമെന്നാണ് കരുതിയിരുന്നതെന്ന് അവർ പറഞ്ഞു. പിറ്റേന്ന് കാറിൽ ഭർത്താവും മുൻ പ്രസിഡന്റുമായ ബിൽ ക്ലിന്റണൊപ്പം വീട്ടിലേക്കു മടങ്ങവേ തനിക്കു സംസാരിക്കാനുള്ള ശേഷി പോലുമില്ലാതെ ആന്തരികോർജമെല്ലാം വറ്റിപ്പോയ അവസ്ഥയായിരുന്നു എന്ന് ഹില്ലരി ഓർക്കുന്നു .
പരാജയത്തകർച്ച മറികടക്കാൻ പല മാർഗങ്ങളും അവലംബിച്ചു. അതിലൊന്നു പ്രാർഥനയായിരുന്നു. പിന്നെ യോഗയും ചെയ്തു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ശക്തമായ പിന്തുണയും ലഭിച്ചതായി ഹില്ലരി കൂട്ടിച്ചേർത്തു.
ഉറച്ച വിശ്വാസിയായ ഹില്ലരി, ജീവിതത്തിലെ പല ദുർഘട നിമിഷങ്ങളിലും തനിക്കു കരുത്തായിട്ടുള്ളത് പ്രാർഥനയാണെന്നു വെളിപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha