ഈ മാസം 15 മുതൽ ഖത്തറിൽ നിന്ന് ഇന്ത്യൻ പാസ്പോർട്ടിന് അപേക്ഷിക്കേണ്ടത് ഓൺലൈനിൽ മാത്രം

ഈ മാസം 15 മുതൽ ഖത്തറിൽ നിന്ന് ഇന്ത്യൻ പാസ്പോർട്ടിനു അപേക്ഷിക്കുന്നത് പൂർണമായും ഓൺലൈനായിട്ടായിരിക്കണമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. നേരിട്ടു കടലാസിൽ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്നും എംബസി അറിയിച്ചിട്ടുണ്ട്.
ഓൺലൈൻ അപേക്ഷ എങ്ങനെ
http://passport.gov.in/nri/Online.do. എന്ന വെബ്സൈറ്റിൽ പാസ്പോർട്ട് ഓൺലൈൻ റജിസ്ട്രേഷൻ ഫോം ലഭ്യമാവും. അപേക്ഷാ ഫോമിൽ ഓൺലൈൻ റജിസ്ട്രേഷൻ, അപേക്ഷകന്റെ വിവരങ്ങൾ, വിലാസം എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ ആണുള്ളത്
ഓൺലൈൻ റജിസ്ട്രേഷൻ
നിങ്ങളുടെ പരിധിയിലുള്ള എംബസിയും ആവശ്യമുള്ള സേവനവും തിരഞ്ഞെടുക്കുക. അപേക്ഷകന്റെ വിശദാംശങ്ങൾ നൽകുക. ഇന്ത്യയിലെ സ്ഥിരം വിലാസമുൾപ്പെടെയുള്ള കാര്യങ്ങൾ നൽകുക. അതിനു ശേഷം സേവ് ആൻഡ് കണ്ടിന്യൂ ക്ലിക് ചെയ്ത് അടുത്ത പേജിലേക്കു പ്രവേശിക്കുക.
വിലാസം, അപേക്ഷകന്റെ കുടുംബ വിശദാംശങ്ങൾ, പാസ്പോർട്ട് വിശദാംശങ്ങൾ എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ഈ പേജിൽ പൂരിപ്പിക്കേണ്ടത്: വിലാസം നൽകുമ്പോൾ ‘മറ്റു വിലാസം’ എന്ന സ്ഥലത്ത് ഖത്തറിലെ വിലാസം, ഫോൺ നമ്പർ, ഇ മെയിൽ എന്നിവ നൽകാം. പാസ്പോർട്ട് വിശദാംശങ്ങൾ എന്ന ഭാഗത്ത് പഴയ പാസ്പോർട്ട് ഉണ്ടായിരുന്നെങ്കിൽ അതിലെ വിവരങ്ങൾ നൽകണം. ഫയൽ നമ്പർ എന്നത് പുതിയ പാസ്പോർട്ടുകളുടെ അവസാന പേജിൽ കാണാം. ഫയൽ നമ്പർ ഇല്ലെങ്കിൽ ആ കോളത്തിൽ ഏതെങ്കിലും നാല് അക്കങ്ങൾ രേഖപ്പെടുത്തുക. പിന്നീട് ‘സേവ് ആൻഡ് കണ്ടിന്യൂ’ ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്കു പ്രവേശിക്കുക.
മൂന്നാമത്തെ പേജിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുക. ഇതിനു ശേഷം ‘സേവ് ആൻഡ് കണ്ടിന്യൂ’ ക്ലിക് ചെയ്താൽ അടുത്ത പേജിലേക്കു പ്രവേശിക്കാം.
ഈ പേജിൽ രേഖപ്പെടുത്തിയിട്ടുള്ള ഫയൽ നമ്പർ എഴുതിയെടുത്ത് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. ഈ പേജിൽ ‘ജനറേറ്റ് പിഡിഎഫ്’ എന്ന് ക്ലിക്ക് ചെയ്ത് അപേക്ഷ പിഡിഎഫ് രൂപത്തിൽ സേവ് ചെയ്യാം. അതിനുശേഷം അതിന്റെ പ്രിന്റ് എടുത്ത് ഉപയോഗിക്കാം.
എംബസിയിൽ അപേക്ഷ സമർപ്പിക്കാം
ഈ പ്രിന്റൗട്ടിൽ ആവശ്യമായ കാര്യം എഴുതുകയും ഫോട്ടോ പതിപ്പിക്കുകയും ചെയ്യണം. ഒപ്പും വിരലടയാളവും രേഖപ്പെടുത്തിയശേഷം അപേക്ഷാ ഫീസ്, മറ്റു രേഖകൾ എന്നിവ സഹിതം എംബസിയിൽ നേരിട്ടു സമർപ്പിക്കുക. നവജാത ശിശുക്കളാണെങ്കിൽ ജനന റജിസ്ട്രേഷൻ ഫോം കൂടി ഉൾപ്പെടുത്തണം. വിവരങ്ങൾക്ക്: www.indianembassyqatar.gov.in.
https://www.facebook.com/Malayalivartha