ഒരു വിദേശരാജ്യത്തു നിന്നു ലഭിക്കാവുന്നതിൽ വെച്ചേറ്റവും വലിയ തുകയുമായി ടെക്സസിലേക്ക് ഖത്തർ

ഹാർവി ചുഴലിക്കാറ്റും പേമാരിയും ദുരിതം വിതച്ച അമേരിക്കയിലെ ടെക്‌സസിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഖത്തർ മൂന്നുകോടി ഡോളർ (11 കോടി റിയാൽ) നൽകും. യുഎസിലെ ഖത്തർ സ്‌ഥാനപതി ഷെയ്‌ഖ് മിശാൽ ബിൻ ഹമദ് അൽതാനിയെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ്(എപി) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
ടെക്‌സസിലേക്ക് ഒരു വിദേശരാജ്യത്തു നിന്നു ലഭിക്കുന്ന ഏറ്റവും വലിയ സഹായമാണ് ഇത് . ഹാർവി ദുരിതബാധിതർക്ക് യുഎഇ ഒരു കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ച ദിവസം തന്നെയാണ് യുഎഇ അടക്കമുള്ള നാലുരാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഖത്തർ ഇതിന്റെ മൂന്നിരട്ടി സഹായം പ്രഖ്യാപിച്ചത്.
ഖത്തറിനെതിരെ സൗദി സഖ്യം ഏർപ്പെടുത്തിയ ഉപരോധം ഗൾഫ് മേഖലയിൽ സൃഷ്‌ടിച്ച പ്രതിസന്ധി മറികടക്കുന്നതിനുള്ള മാർഗങ്ങൾ ആരായാൻ മധ്യസ്‌ഥ ചർച്ചകൾക്കു നേതൃത്വം വഹിക്കുന്ന കുവൈത്ത് അമീർ വാഷിങ്‌ടനിൽ യുഎസ് പ്രസിഡന്റുമായി ചർച്ച നടത്തുന്ന വേളയിലായിരുന്നു ഖത്തറും യുഎഇയും സഹായം പ്രഖ്യാപിച്ചത്.
ഖത്തർ ഹാർവി ദുരിതാശ്വാസനിധി എന്ന പേരിലാണ് ടെക്‌സസിനുള്ള സഹായധനം കൈമാറുക. ടെക്‌സസ് ഗവർണർ ഗ്രെഗ് അബോട്ട്, ഹൂസ്‌റ്റൺ മേയർ, പ്രാദേശിക ഭരണത്തലവന്മാർ എന്നിവരുമായി സഹകരിച്ച് വീടു നഷ്‌ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനാണ് ഈ തുക ഉപയോഗപ്പെടുത്തുകയെന്ന് ഷെയ്‌ഖ് മിശാൽ പറഞ്ഞു.
ഏതു കൊടുങ്കാറ്റിനേക്കാളും കരുത്തുണ്ട് ടെക്‌സസിലെ ജനങ്ങൾക്ക്. അതിനാൽ പ്രകൃതിക്ഷോഭത്തെ അതിജീവിച്ച് എത്രയുംപെട്ടെന്ന് ടെക്‌സസ് സാധാരണനിലയിലേക്ക് മടങ്ങിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിന്റെ ഉദാരമനസിന് താനും ജനങ്ങളും കടപ്പെട്ടിരിക്കുന്നുവെന്നും ഈ സഹായത്തിന് ഖത്തർ സർക്കാരിന് നന്ദി രേഖപ്പെടുത്തുന്നതായും ടെക്‌സസ് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു.
https://www.facebook.com/Malayalivartha