ലഗേജ് നിബന്ധനകളില്‍ മാറ്റംവരുത്തി ഒമാന്‍ വിമാനത്താവള മാനേജ്‌മെന്റ് കമ്പനി

സെപ്റ്റംബര്‍ ഒന്നു മുതൽ ലഗേജ് നിബന്ധനകളില്‍ മാറ്റംവരുത്തിയതായി ഒമാന്‍ വിമാനത്താവള മാനേജ്‌മെന്റ് കമ്പനി. ഇതുപ്രകാരം പുതപ്പുകളിലും ലിനനിലും മറ്റും പൊതിഞ്ഞുള്ളതും പുറമെ കയറുകൊണ്ട് കെട്ടിവരിഞ്ഞുള്ളതുമായ ലഗേജുകള്‍ അനുവദിക്കില്ല. വൃത്താകൃതിയിലുള്ളതും ക്രമരഹിതമായ രൂപത്തിലുള്ളതുമായ ലഗേജുകളും നിരോധനത്തിന്റെ പരിധിയില്‍ വരും.
മസ്‌കറ്റ്, സലാല, സൊഹാര്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള എല്ലാ വിമാന സര്‍വീസുകള്‍ക്കും കാബിന്‍ ക്ലാസ് വ്യത്യാസങ്ങളില്ലാതെ പുതിയ നിബന്ധന ബാധകമാണ്. വ്യോമയാന വ്യവസായത്തിലെ ആഗോള പ്രവര്‍ത്തനരീതിക്ക് അനുസൃതമായി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യമിട്ടാണ് നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്മന്റെ് കമ്പനി അറിയിച്ചു. യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ലഗേജുകള്‍ ലഭിക്കാന്‍ വഴിയൊരുക്കുന്നതാണ് പുതിയ സംവിധാനം.
വിമാനത്താവള ഉദ്യോഗസ്ഥരെ സംബന്ധിച്ച് സുഗമമായ ചെക്ക് ഇന്‍ നടപടിക്രമങ്ങള്‍ക്കും ബാഗേജുകളുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാനും കൂടുതല്‍ സുരക്ഷാപരിശോധന ആവശ്യമുള്ള ലഗേജുകള്‍ എളുപ്പം ലഭിക്കാനും ഇത് സഹായകരമാകും. വിമാനത്താവളങ്ങളുടെ ഉയര്‍ന്ന പ്രവര്‍ത്തന നിലവാരവും ഇതുവഴി ഉറപ്പാക്കാന്‍ കഴിയും.
പരന്ന രീതിയില്‍ അല്ലാത്ത ബാഗുകള്‍ അനുയോജ്യമായ സ്യൂട്ട്‌കേസുകളോ ട്രാവല്‍ ബാഗുകളോ ഉപയോഗിച്ച് റീപാക്ക് ചെയ്യണം. ബേബി സ്‌ട്രോളറുകള്‍, ബൈ സൈക്കിളുകള്‍, വീല്‍ ചെയറുകള്‍, ഗോള്‍ഫ് ബാഗ് എന്നിവ കൊണ്ടുപോകുന്നതിന് നിരോധനമില്ലെന്നും അത് അനുവദനീയമാണെന്നും വിമാനത്താവള കമ്പനി വക്താവ് അറിയിച്ചു.
വിമാനക്കമ്പനികള്‍, ട്രാവല്‍ ഏജന്റുമാര്‍, ടൂറിസം വെബ്‌സൈറ്റുകള്‍ തുടങ്ങിയവയുമായി ചേര്‍ന്ന് പുതിയ ലഗേജ് നിബന്ധനകളെക്കുറിച്ച് പരമാവധി യാത്രക്കാരിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് വിമാനത്താവള കമ്പനി.
https://www.facebook.com/Malayalivartha