ഇനി പ്രവാസികൾക്ക് ചുരുങ്ങിയ ചെലവില്‍ നാട്ടിലേക്ക് വിളിക്കാം

ഇന്റര്‍നെറ്റ് വഴി സംസാരിക്കാനും വീഡിയോ കോള്‍ ചെയ്യാനുമുള്ള സംവിധാനമായ വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോളി (വോയിപ്) നുള്ള നിരോധനം നീക്കാന്‍ സൗദി അറേബ്യന്‍ വാര്‍ത്താവിതരണ-വിവര മന്ത്രാലയം തീരുമാനിച്ചു. അടുത്ത ബുധനാഴ്ച മുതല്‍ നിരോധനം നീക്കാന്‍ ടെലകോം വിഭാഗവുമായി സഹകരിച്ച് നടപടി സ്വീകരിക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രി അബ്ദുല്ല അല്‍ സവാഹ് അറിയിച്ചു.
സൗദിയുടെ വിഷന്‍ 2030ന്റെ ചുവടുപിടിച്ച് ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ഈ സൗകര്യം ലഭ്യമാക്കുമെന്നും അതുമായി ബന്ധപ്പെട്ട സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
ഇതുവരെ വോയിപ് കോളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ സൗദിയില്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. പുതിയ തീരുമാനം നടപ്പിലാവുന്നതോടെ ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ വോയിപ് സംവിധാനം വഴി ചുരുങ്ങിയ ചെലവില്‍ നിയമവിധേയമായി തന്നെ നാട്ടിലേക്ക് വിളിക്കാന്‍ സാധിക്കും.
യു.എ.ഇയിലും സമാനരീതിയിലുള്ള നിരോധനം നിലവിലുണ്ട്. കഴിഞ്ഞ ജൂണില്‍ വാട്ട്സാപ്പ് വഴിയുള്ള സൗജന്യ കോളുകള്‍ യു.എ.ഇയില്‍ അല്‍പ സമയത്തേക്ക് ലഭ്യമായത് ജനങ്ങളില്‍ വന്‍ പ്രതീക്ഷയ്ക്ക് വഴിവച്ചിരുന്നു. സൗദിയുടെ പുതിയ തീരുമാനം യു.എ.ഇയെയും നിലപാട് മാറ്റത്തിന് പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍.
https://www.facebook.com/Malayalivartha