വീട്ടമ്മയെ സൗദി അറേബ്യന്‍ കുടുംബത്തിന് 3.5 ലക്ഷം രൂപയ്ക്ക് അടിമയായിവിറ്റു ; ഏജൻറ് മുങ്ങി

പഞ്ചാബ് സ്വദേശിനിയായ വീട്ടമ്മയെ സൗദി അറേബ്യന്‍ കുടുംബത്തിന് 3.5 ലക്ഷം രൂപയ്ക്ക് അടിമയായി വിറ്റ സംഭവത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ട്രാവല്‍ ഏജന്റിനെതിരേ കേസ്. ജലന്ധറിനു സമീപം ഗോര്‍സിയന്‍ ഗ്രാമത്തിലെ പരംജിത് കൗര്‍ (39) ആണ് ഏജന്റിന്റെ കബളിപ്പിക്കലിന് ഇരയായത്. കൗറിന്റെ ഭര്‍ത്താവ് മല്‍കിയത് റാമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ട്രാവല്‍ ഏജന്റും ഇതേ ഗ്രാമവാസിയുമായ രേഷം ഭട്ടിക്കെതിരേയാണ് പോലീസ് കേസെടുത്തത്.
കബളിപ്പിക്കല്‍, അടിമഗണത്തില്‍പ്പെടുത്തി വില്‍ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, മനുഷ്യക്കടത്ത് നിയമത്തിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയവ ഭട്ടിക്കെതിരേ ചുമത്തി. വിദേശത്ത് നല്ല ജോലി നൽകാമെന്ന വാഗ്‌ദാനത്തിലാണ് യുവതിയെ സൗദിയിലെത്തിച്ചത്. സൗദിയിലെത്തിയശേഷം വേതനത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുടുംബം വിലയ്ക്കെടുത്തതാണെന്നും വേതനം ലഭിക്കില്ലെന്നും മനസിലായത്. ഇക്കാര്യം കൗര്‍ ഭര്‍ത്താവിനെ അറിയിച്ചു.
ദിവസംമുഴുവന്‍ പണിയെടുത്താലും ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നുമാത്രമല്ല, പുറംലോകവുമായി ബന്ധപ്പെടാനുള്ള അവസരവും നല്‍കിയിരുന്നില്ല. കുടുംബാംഗങ്ങളുമായി നിയന്ത്രിത രീതിയില്‍ ഫോണില്‍ സംസാരിക്കാനുള്ള അനുവാദം മാത്രമാണുണ്ടായിരുന്നത്. ഏജന്റിന് 3.5 ലക്ഷം രൂപ നല്‍കിയാണ് തന്നെ സ്വന്തമാക്കിയതെന്നും അത്രയും തുക നല്‍കിയാലേ മോചനം സാധ്യമാകൂവെന്നും സൗദി കുടുംബം വാദിക്കുന്നു.
https://www.facebook.com/Malayalivartha