നാല് മാസം പ്രായമായ കുഞ്ഞിന്റെ പാസ്പോർട്ടിൽ എക്സിറ്റ് വിസയടക്കാത്തതിനെ തുടർന്ന് മലയാളികുടുംബത്തിന് യാത്ര നിഷേധിച്ചു

സൗദിയിൽ നാല് മാസം പ്രായമായ കുഞ്ഞിന്റെ പാസ്പോർട്ടിൽ എക്സിറ്റ് വിസയടിക്കാതെ വിമാനത്താവളത്തിലെത്തിയ കുടുംബത്തിന് വിമാനത്താവള അധികൃതർ യാത്ര നിഷേധിച്ചു. അറാറിലെ ഗവൺമന്റെ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ കോട്ടയം സ്വദേശിനി തമ്പാന്‍ ആഷിലിയും കുടുംബത്തിനുമാണ് ഇങ്ങനെയൊരു സംഭവത്തെ അഭിമുഖീകരിക്കേണ്ടി വന്നത്.
കുഞ്ഞിന്റെ എക്സിറ്റ് വിസ റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷനിൽ കിട്ടുമെന്ന് തെറ്റിദ്ധരിച്ചാണ് ഇവർ വിമാനത്താവളത്തിൽ ഏത്തിയത്. ഒടുവിൽ റിയാദിലെ മലയാളി സാമൂഹിക പ്രവർത്തകർ ഇടപെട്ട് റിയാദിലെ തർഹീലിൽ (നാടുകടത്തൽ കേന്ദ്രം) നിന്ന് എക്സിറ്റ് വിസ നേടി കുടുംബത്തിന് നാട്ടിലേക്ക് വഴിയൊരുക്കുകയായിരുന്നു.
വ്യാഴാഴ്ചയാണ് സംഭവം. വെള്ളിയാഴ്ച കുടുംബം നാട്ടിലെത്തി. വർഷങ്ങളായി അറാറിൽ ജോലി ചെയ്യുന്ന ആഷ്ലി ഏഴ് മാസമായപ്പോൾ പ്രസവാവധി വാങ്ങി നാട്ടിൽ പോകുന്നതിനുള്ള ഒരുക്കത്തിനിടയിൽ കലശലായ വയർവേദനയെ തുടർന്ന് ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെ അഡ്മിറ്റാവുകയും സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. പുറത്തെടുത്ത കുട്ടിയെ രണ്ട് മാസം തീവ്രപരിചരണ വിഭാഗത്തിലാക്കി ചികിത്സ നടത്തി. കുട്ടിക്ക് നാലുമാസം പ്രായമായതോടെ എല്ലാവരും കൂടി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചപ്പോഴാണ് ഈ ദുരനുഭവം ഉണ്ടായത്.
ആഷ്ലിക്ക് റീഎൻട്രി വിസ നൽകിയെങ്കിലും കുട്ടിക്കുള്ള എക്സിറ്റ് വിസ റിയാദ് എയർപ്പോർട്ടിലെ എമിഗ്രേഷനിൽ ലഭിക്കുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച് റിയാദിലെത്തിയ കുടുംബം ബോർഡിങ് പാസും വാങ്ങി എമിഗ്രേഷനിലെത്തിയപ്പോഴാണ് യാത്ര തടസപ്പെട്ടത്. റിയാദ് ജവാസാത്തിനെ സമീപിച്ച് എക്സിറ്റ് വിസ നേടാനായിരുന്നു കിട്ടിയ നിർദേശം. രണ്ട് ദിവസത്തിനുള്ളിൽ ഭർത്താവിന്റെയും മാതാവിന്റെയും സന്ദർശക വിസയുടെ കാലാവധി കഴിയുമെന്നതിനാൽ കുടുംബം ആശങ്കയിലായി.
ഇവരുടെ ഈ സാഹചര്യം അറിഞ്ഞ ചാരിറ്റി ഒാഫ് പ്രവാസി മലയാളി എന്ന സംഘടനയുടെ പ്രവർത്തകൻ റിഷി ലത്തീഫ് കുടുംബത്തെ തന്റെ വാഹനത്തിൽ കയറ്റി റിയാദിലെ തന്റെ വീട്ടിലേക്ക് കൊണ്ടുവരികയും പി.എം.എഫ് ഭാരവാഹി ജയൻ കൊടുങ്ങല്ലൂരിന്റെ കൂടി സഹായത്തോടെ ജവാസാത്തിനെ സമീപിക്കുകയും ചെയ്തു. എന്നാൽ മലസിലെ തർഹീലിൽ പോകാനായിരുന്നു അവിടെ നിന്നുള്ള നിർദേശം. തുടർന്ന് തർഹീലിലെത്തി എക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. സന്ദർശക വിസയുടെ കാലാവധി അവസാനിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് വീണ്ടും വിമാന ടിക്കറ്റ് ശരിയാക്കി വെള്ളിയാഴ്ച നാട്ടിലേക്ക് തിരിക്കുകയായിരുന്നു .
https://www.facebook.com/Malayalivartha