ഡ്രോണ്‍ ഡെലിവറിയിലൂടെ ഉപഭോക്താക്കളെ സംതൃപ്തരാക്കി കോസ്റ്റ കോഫി ; ഇനി കോഫി പറന്നെത്തും

ഇന്നത്തെകാലത്ത് മനുഷ്യന് വളരെ കുറച്ച് മാത്രമുള്ള ഒരു വികാരമാണ് ക്ഷമ. ഒന്നിനും കാത്തിരിക്കാൻ പറ്റാതെ മാറിയിരിക്കുന്നു. ഭക്ഷണം ഓർഡർ ചെയ്തുകഴിഞ്ഞാലും അത് മുന്നിൽ എത്തുന്നതുവരെയും ക്ഷമിക്കാനുള്ള സാവകാശവും കാണിക്കാറില്ല. എന്നാൽ ഓർഡർ നല്കികഴിഞ്ഞാൽ നിമിഷങ്ങൾക്കകം കോഫി ആവശ്യക്കാരന്റെ അടുത്തെത്തിക്കാൻ സംവിധാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ കോഫി കമ്പനിയായ കോസ്റ്റ കോഫി.
ലണ്ടന്‍ ആസ്ഥാനമായ പ്രമുഖ കോഫി കമ്പനിയായ കോസ്റ്റ കോഫി ദുബായില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് കോഫി വിതരണം ചെയ്യുന്ന പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. കമ്പനി യുഎഇയില്‍ നടത്തിയ സര്‍വേയില്‍ 82 ശതമാനം ഉപഭോക്താക്കളും ഓര്‍ഡര്‍ ചെയ്ത ഉടന്‍ ഡ്രോണില്‍ കോഫി എത്തിക്കുന്ന സംവിധാനമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് കമ്പനി പരീക്ഷണം നടത്തിയത്. അതേസമയം ഈ സേവനം എന്നു മുതല്‍ ആരംഭിക്കുമെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കമ്ബനി പുറത്തു വിട്ടിട്ടില്ല.
ദുബായിലെ തിരക്കേറിയ ജുമൈറ ബീച്ചിലാണ് കോഫി കോപ്റ്റര്‍ വഴി കോഫി വിതരണം ചെയ്ത് കമ്ബനി പരീക്ഷണം നടത്തിയത്. മൊബൈല്‍ ഫോണ്‍ വഴി ഓര്‍ഡര്‍ ചെയ്ത ബീച്ചിലെ സന്ദര്‍ശകര്‍ക്ക് 15 മിനിറ്റിനകമാണ് ഡ്രോണ്‍ കോഫി എത്തിച്ചത്. ഉപഭോക്താക്കള്‍ക്ക് വളരെ വേഗം ഉല്‍പ്പന്നം എത്തിച്ചു കൊടുക്കുന്നതിന് ഇനി വരാനിരിക്കുന്ന സാങ്കേതിക വിദ്യയാണിത്. യുഎഇയിലെ ഞങ്ങളുടെ ഉപഭോക്താക്കളും ഡ്രോണില്‍ കോഫി എത്തിച്ചു കൊടുക്കുന്നതാണ് ഏറെ ഇഷ്ടപ്പെടുന്നതെന്നും കോസ്റ്റ കോഫി യുഎഇ മാര്‍ക്കറ്റിങ് വിഭാഗം മേധാവി ഷെമയ്ന്‍ ജോണ്‍സ് പറഞ്ഞു.
https://www.facebook.com/Malayalivartha