ഗള്‍ഫില്‍ ജോലി തേടുന്നവര്‍ക്ക് ഇനി ഡ്രൈവിങ് ലൈസൻസിനാവശ്യമായ ടെസ്റ്റ് കേരളത്തില്‍ നടത്തും

ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനത്തിനുശേഷം പ്രവാസി മലയാളികൾക്കും ഒപ്പം പ്രവാസ ജീവിതത്തിനു തയ്യാറെടുക്കുന്നവർക്കും വളരെയധികം ആനുകൂല്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. യുഎഇയില്‍ ജോലിക്കു പോകുന്നവര്‍ക്ക് കേരളത്തില്‍ത്തന്നെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്നതിനുളള സൗകര്യം നിലവില്‍ വരുന്നു. ഷാര്‍ജ ഭരണാധികാരിയും യു. എ. ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുകൊണ്ടുവന്നത്.
യു.എ.ഇ. നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ഡ്രൈവിങ് ലൈസൻസിനാവശ്യമായ ടെസ്റ്റ് ഷാര്‍ജ അധികാരികള്‍ കേരളത്തില്‍ നടത്തും. അതോടുകൂടി കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാകും പുതിയ നിര്‍ദ്ദേശം.
ഷാര്‍ജയിലെ മലയാളികള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഭവനസമുച്ചയങ്ങള്‍, കേരളത്തിന്റെ സംസ്കാരവും ആയുർവേദ പാരമ്പര്യവും കാത്ത് സൂക്ഷിക്കുന്ന സാംസ്കാരിക കേന്ദ്രം, എഞ്ചിനീയറിംഗ് കോളേജും മെഡിക്കല്‍ കോളേജും പബ്ലിക് സ്കൂളും ഉള്‍പ്പടെ ആഗോള നിലവാരമുളള വിദ്യാഭ്യാസ കേന്ദ്രം എന്നീ മൂന്നു പദ്ധതികള്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പരിഗണനയിലാണ്. ഇത് സംബന്ധിച്ച് ഉടന്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സപ്തംബര്‍ 25ന് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ ഈ മൂന്ന് നിര്‍ദേശങ്ങള്‍ക്കു പുറമെ ഐടി മേഖലയിലുളള സഹകരണം, ആയുര്‍വേദം, മെഡിക്കല്‍ ടൂറിസം എന്നീ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍, കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം അന്താരാഷ്ട്ര നിലവാരത്തിലുളള ആരോഗ്യപരിപാലന കേന്ദ്രം, പശ്ചാത്തല വികസന മേഖലയില്‍ മുതല്‍ മുടക്കിനുളള സാധ്യതകള്‍, നവകേരളം കര്‍മപദ്ധതിയിലെ ഹരിതകേരളം, ലൈഫ് മിഷനുകളുമായുളള സഹകരണം എന്നിവയാണ് ഈ ചര്‍ച്ചയില്‍ ഉന്നയിച്ച മറ്റു പദ്ധതികൾ.
https://www.facebook.com/Malayalivartha