ജലവിനോദങ്ങളുടെ അനന്തസാധ്യതകളുമായി ‘സീ ദുബായ്’

ഉല്ലാസങ്ങൾക്കും ആഡംബരങ്ങൾക്കും ദുബായിയിൽ പ്രിയമേറുന്നു. കടലിലും ജലാശയങ്ങളിലും വിനോദങ്ങൾക്കായി ‘സീ ദുബായ്’ എന്ന പേരിൽ ഒരു പദ്ധതി യാഥാർഥ്യമാകുന്നു. പദ്ധതിയിൽ ഫ്‌ളോട്ടിങ് റസ്‌റ്ററന്റുകൾ, റസ്‌റ്റ്ഹൗസുകൾ, ആധുനിക സൗകര്യങ്ങളുള്ള ഉല്ലാസബോട്ടുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിനോദസഞ്ചാരികളെ ജലവിനോദങ്ങളിലേക്ക് ആകർഷിക്കാനായിട്ടാണ് ദുബായ് മാരിടൈം സിറ്റി അതോറിറ്റിയുടെ (ഡിഎംസിഎ) പദ്ധതി ആർടിഎയുമായി ചേർന്നു വിപുലപ്പെടുത്തുന്നത്. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയാകും പദ്ധതി വിപുലീകരിക്കുക.
ബോട്ടുകളുടെ റജിസ്‌ട്രേഷൻ, ലൈസൻസ്, ബോട്ടുകളുടെ വേഗം, സുരക്ഷാ മാനദണ്ഡങ്ങൾ, ടൂറിസം മേഖലകൾ എന്നിവ സംബന്ധിച്ചു ഒരു രൂപരേഖയുണ്ടാക്കി ടൂറിസം മേഖലകളെ വാട്ടർബസ്, വാട്ടർടാക്‌സി ശൃംഖലകളുമായി ബന്ധിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ജലവിനോദങ്ങ മേഖലകളിലെ സാധ്യത കണക്കിലെടുത്തുകൊണ്ട് ഈ മേഖലയിൽ കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ടെന്നും ഡിഎംസിഎ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അമിർ അലി പറഞ്ഞു. വിശാലമായ തീരദേശമുള്ളതിനാൽ എമിറേറ്റിന് ഇക്കാര്യത്തിൽ വൻ മുന്നേറ്റം നടത്താനാകും എന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. ഇതുവഴി ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും അവസരമൊരുങ്ങും.
പരമ്പരാഗത അറിവുകളും വിശാലമായ തീരവും വൈവിധ്യമാർന്ന മൽസ്യ സമ്പത്തുമുള്ളതിനാൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സ്‌പോർട്‌സ് ഫിഷിങ് പദ്ധതിക്കും തുടക്കമായിട്ടുണ്ട്. ജെറ്റ്‌സ്‌കീ, മീൻപിടിത്തം, കട്ടമരത്തിലുള്ള യാത്ര തുടങ്ങിയവ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് രസകരമായ സമുദ്രയാത്രയുടെ സാധ്യതകൾ ബോധ്യപ്പെടുത്താനും ഇതുവഴി ലക്ഷ്യമിടുന്നു. ജലവിനോദങ്ങളുടെ അനന്തസാധ്യതകൾക്കായി നമുക്ക് ഈ പദ്ധതിയെ വരവേൽക്കാം.
https://www.facebook.com/Malayalivartha