അവധിക്കാലയാത്ര: ടിക്കറ്റിന് വന്‍ നിരക്ക്

മധ്യവേനല്‍ അവധിയും റംസാന്‍ നോമ്പ്കാലവും തുടങ്ങിയതിനാല്‍ യു.എ.ഇ.യിലെ വിമാനത്താവളങ്ങളില്‍ തിരക്ക് കൂടുന്നു. യാത്രക്കാരുടെ തിരക്ക് കൂടിയതോടെ ടിക്കറ്റ് വിലയും കുതിച്ചുയരുകയാണ്. കോഴിക്കോട് സെക്ടറിലേക്ക് ഈ മാസം ടിക്കറ്റ് കിട്ടാന്‍തന്നെ ഏറെ പ്രയാസമാണ്. ഉള്ളതിനാകട്ടെ തീവിലയും.
രാത്രി പത്ത് മണിക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനായി ഏഴുമണിക്ക് തന്നെ വിമാനത്താവളത്തില്‍ എത്തിയിട്ടും ചെക് ഇന്‍ ചെയ്യാനുള്ള വരിയുടെ ഏറ്റവും പിറകിലാണ് സ്ഥാനം ലഭിച്ചതെന്ന് അനുഭവസ്ഥര്‍ പറയുന്നു. മണിക്കൂറുകള്‍ നേരത്തെയെത്തിയാണ് പലരും ക്യൂവില്‍ ഇടം പിടിക്കുന്നത്. കുടുംബമായി നാട്ടിലേക്കും മറ്റും യാത്രചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ വളരെ നേരത്തെ വിമാനത്താവളങ്ങളില്‍ എത്തിച്ചേര്‍ന്നാലേ സൗകര്യപ്രദമായി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നുള്ളു.
അബുദാബി വിമാനത്താവളത്തില്‍ക്കൂടി മാത്രം യാത്ര ചെയ്യുന്നവരുടെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ കഴിഞ്ഞ സീസണിലേതിനേക്കാള്‍ 28 ശതമാനത്തിന്റെ അധിക വളര്‍ച്ച നിരക്കാണ് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം 12,82,185 ആളുകള്‍ യാത്ര ചെയ്ത സ്ഥാനത്ത് ഈവര്‍ഷം 16,33,700 ആളുകളാണ് ഇതുവരെ യാത്ര ചെയ്തിരിക്കുന്നത്. ഇതില്‍ പ്രധാനമായും ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലാണ് കാര്യമായ വര്‍ധനയുണ്ടായിട്ടുള്ളതെന്ന് അബുദാബി വിമാനത്താവളത്തിലെ ഓപ്പറേഷന്‍സ് മാനേജര്‍ അഹമ്മദ് അല്‍ ഹദ്ദാബി പറഞ്ഞു.
യു.എ.ഇ.യിലെ മറ്റ് എമിറേറ്റുകളായ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്നവരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ബിസിനസ്, വിനോദാവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരുടെ തിരക്കും വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യം മുന്നില്‍കണ്ട് പല പ്രമുഖ വിമാന കമ്പനികളും തങ്ങളുടെ സേവനം ഇരട്ടിയാക്കിയിട്ടുണ്ട്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും വിമാനങ്ങള്‍ ലഭ്യമാകുന്നതിനാല്‍ കണക്ഷന്‍ വിമാനങ്ങള്‍ക്കായി എയര്‍പോര്‍ട്ടിലെത്തുന്ന ലോക സഞ്ചാരികളുടെ എണ്ണത്തിലും ദുബായ് എയര്‍പോര്‍ട്ട് മുന്നിട്ട് നില്‍ക്കുന്നുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ യാത്ര ചെയ്യുന്ന കോഴിക്കോട്ടേക്കാണ് ഈ മാസം ടിക്കറ്റ് കിട്ടാതെ യാത്രക്കാര്‍ വലയുന്നത്. ടിക്കറ്റ് കിട്ടിയാല്‍തന്നെ ഇരട്ടി മണിക്കൂര്‍ പറക്കേണ്ട മലേഷ്യയിലേക്കുള്ള നിരക്കാണ് ഈടാക്കുന്നത്. സാധാരണ ഗള്‍ഫിലെ വിദ്യാലയങ്ങള്‍ അടയ്ക്കുന്ന സമയത്താണ് തിരക്ക് അനുഭവപ്പെടാറുള്ളത്. കുറഞ്ഞ വരുമാനക്കാരാണ് ഈ സമയം ഏറെ കഷ്ടപ്പെടുന്നത്. എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനങ്ങളില്‍ കൂടുതല്‍ തുക കൊടുത്താലും ടിക്കറ്റ് കിട്ടാനില്ല.
https://www.facebook.com/Malayalivartha
























