കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷപ്പെടുത്താന്‍ നടത്തുന്ന തീവ്രശ്രമത്തിനിടെ ബാങ്കുകള്‍ രംഗത്ത്; അറ്റ്‌ലസ് രാമചന്ദ്രന് യുഎഇ വിടാനാകില്ല...

ഗള്‍ഫില്‍ ജയിലില്‍ കിടക്കുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതോടെ വേഗത കൂടിയെങ്കിലും പുറമേ കല്ലുകടിയും. ജയില്‍ മോചിതനായാലും കടം വീട്ടിയ ശേഷം മാത്രമേ അദ്ദേഹത്തിന് യുഎഇ വിട്ട് പോകാന്‍ കഴിയൂ. നിലവിലെ കണക്കുപ്രകാരം പലിശയടക്കം അഞ്ഞൂറ് കോടി രൂപയിലേറെയാണ് രാമചന്ദ്രന്‍ കൊടുത്തുതീര്‍ക്കാനുള്ളത്. ഈ തുക അടച്ചുതീര്‍ക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടിലാണ് ദോഹ ബാങ്ക്, മഷ്‌റിക്, യൂണിയന്‍ നാഷണല്‍ ബാങ്ക് എന്നിവ എടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ സാമ്പത്തിക ബാദ്ധ്യത തീര്‍ക്കാതെ അദ്ദേഹത്തിന് യുഎഇയില്‍ നിന്നും മടങ്ങാനാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ക്രിമിനല്‍ കേസിലൊഴികെ, ജയിലില്‍ കഴിയുന്ന തടവുപുള്ളികളെ 75 വയസ്സ് പൂര്‍ത്തിയായാല്‍ പൊതുമാപ്പ് നല്‍കുന്ന മാനുഷിക പരിഗണന യുഎഇയില്‍ പതിവുണ്ട്. യുഎഇ ജയില്‍വകുപ്പിന്റെ ഈ നടപടിയും രാമചന്ദ്രന് ഈ വര്‍ഷം ഗുണം ചെയ്യും. 2015 ഓഗസ്റ്റിലാണ് രാമചന്ദ്രന്‍ ജയിലിലായത്. 27 മാസമായി ജയിലിലാണ്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ രണ്ടുമാസത്തിനുള്ളില്‍ രാമചന്ദ്രന്റെ ജയില്‍മോചനത്തിന് സാധ്യത തെളിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ബാങ്ക് അധികൃതര്‍ തള്ളുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
കുമ്മനത്തിന്റെയും ഒ രാജഗോപാല്‍ എംഎല്‍എയുടെയും ഇടപെടലില്‍ കേന്ദ്ര നേതാക്കള്‍ വഴി വിദേശകാര്യമന്ത്രി സുഷമാ സ്വാരാജിന്റെ ഇടപെടല്‍ ഉണ്ടായി. മന്ത്രിയുടെ നിര്‍ദേശാനുസരണം യുഎഇ സര്‍ക്കാരും സെന്‍ട്രല്‍ ബാങ്ക് അധികൃതരുമായി ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരി കൂടിയാലോന നടത്തിയതിനെ തുടര്‍ന്നാണ് മോചനമെന്നായിരുന്നു വാര്‍ത്തകള്‍.
https://www.facebook.com/Malayalivartha
























