യുഎഇയിലെ മികച്ച താടിക്കാരൻ ഒരു മലയാളി സുന്ദരനാണ് ; വമ്പൻമാരെ വീഴ്ത്തിയ നീലേശ്വരം സ്വദേശിയുടെ താടിക്കഥ ഇങ്ങനെ

അമേരിക്കന്‍, ജർമൻ, നോര്‍വേ, സൗദി താടികളെ അരിഞ്ഞുവീഴ്ത്തിയ യുഎഇയിലെ മികച്ച താടിക്കാരൻ കാസർകോട് നീലേശ്വരം പേരോൽ സ്വദേശി ധനിൽകുമാർ താടിയുഴിഞ്ഞ് ചിരിക്കുന്നു; ജേതാവിന്റെ ചിരി. അർബുദ രോഗികളെ സഹായിക്കുന്നതിനായി ബ്രിട്ടീഷ് ക്ലബ്ബായ ലക്കി വോയ്സ് വർഷങ്ങളായി നടത്തി വരുന്ന താടി വളർത്തൽ മത്സരത്തിന്റെ യുഎഇ തലത്തിലാണ് ധനിൽകുമാർ മികച്ച താടിക്കാരനായത്.
അജ്മാനിൽ പിതാവിനൊപ്പം ജോലി ചെയ്യുന്ന ധനിൽകുമാറിന് ചെറുപ്പം മുതലേ താടിയോട് കമ്പമായിരുന്നു. സ്കൂളിൾ പഠിക്കുമ്പോൾ താടിക്കാരായ അധ്യാപകരോട് പോലും വലിയ അസൂസ തോന്നിയിട്ടുണ്ട്. വലുതാകുമ്പോൾ താടി വളർത്തണമെന്നത് അന്ന് തൊട്ടേയുള്ള ആഗ്രഹമായിരുന്നു. 2015ൽ ഒരു സുഹൃത്തിന്റെ വിവാഹത്തോടനുബന്ധിച്ച് കുറേ കൂട്ടുകാരോടൊപ്പം ചേർന്ന് താടി വളർത്തി. അത് എല്ലാവർക്കും ഇഷ്ടമായി. പിന്നീട് അത് വടിച്ചുകളഞ്ഞു. അപ്പോഴാണ്, താടി തനിക്ക് യോജിക്കുന്നതാണെന്ന് സുഹൃത്തുക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. പിന്നെ, വളരാനുള്ള കാത്തിരിപ്പായി. ഒടുവിൽ ഒൻപത് മാസം കൊണ്ട് താടി ഒരുങ്ങി വന്നപ്പോൾ അതൊരു ഒന്നൊന്നര വരവായി. ഇപ്പോൾ ആരും മോഹിച്ചുപോകുന്ന ധനിലിന്റെ താടിക്ക് ഏഴര ഇഞ്ച് നീളമുണ്ട്.
സമൂഹ മാധ്യമത്തിൽ മത്സര റിപ്പോർട് കണ്ട് സുഹൃത്തുക്കളാണ് 27കാരനായ ധനിലിന്റെ ഫൊട്ടോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. യുഎഇ സ്വദേശികളും വിവിധ രാജ്യക്കാരുമായ നാൽപതിലേറെ പേർ മത്സരത്തിനെത്തി. ഒടുവിൽ അവസാനത്തെ അഞ്ച് പേരുടെ പട്ടികയിൽ ധനിൽ ഇടം പിടിച്ചു. ഒരു ന്യൂയോർക്ക് താടിക്കാരൻ ശക്തമായ വെല്ലുവിളിയായെങ്കിലും ധനിൽ തന്നെ ഒന്നാമനായി. താടിയുടെ ഭംഗി, ഉറപ്പ് എന്നിവയോടൊപ്പം മീശയും വിധികർത്താക്കൾ പരിശോധിച്ചു. കൂടാതെ, വേദിയിൽ നിർത്തി ഒാരോ ചോദ്യങ്ങളും.
വിവാഹിതനാകുമ്പോൾ ഭാര്യ താടി തനിക്കിഷ്ടമല്ലെന്നും വെട്ടണമെന്നും പറഞ്ഞാൽ അനുസരിക്കുമോ എന്നായിരുന്നു ധനിലിനോടുള്ള ചോദ്യം. താനിത്രയും ഇഷ്ടപ്പെടുന്ന താടി ഒരിക്കലും വെട്ടില്ലെന്നായിരുന്നു മറുപടി. ആ ഉറച്ച നിലപാട് വിധികർത്താക്കൾക്ക് ഏറെ ഇഷ്ടമായി. ദുബായിലെ പ്രമുഖ മോഡൽ ഏജൻസിയിൽ ഒരു വർഷത്തേയ്ക്കുള്ള മോഡലിങ് കരാർ, പ്രമുഖ ബാർബർഷോപ്പിൽ ഒരു വർഷത്തേയ്ക്ക് താടിയുടെ സൗജന്യ പരിചരണം എന്നിവയാണ് സമ്മാനങ്ങൾ. പിതാവ് പി.കെ.നായരുടെ ബിസിനസിൽ സഹായിക്കുന്നതോടൊപ്പം, ബ്ലോഗിങ്, മോഡലിങ് എന്നിവയിലും ധനിൽ പങ്കെടുത്തിരുന്നു. മോഡലിങ്ങിലൂടെ സിനിമാ പ്രവേശനം തന്നെയാണ് ഇൗ യുവാവിന്റെ മോഹം. ഒട്ടേറെ താടി വിശേഷങ്ങളും ധനിലിന് പറയാനുണ്ട്.
അതിലൊന്ന് കേരളത്തിൽ ചെന്നാൽ തന്നെ ആളുകൾ സൂക്ഷിച്ചുനോക്കുകയും താടിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ്. കേരളത്തിന് പുറത്തും യുഎഇ അടക്കമുള്ള ഇതര രാജ്യങ്ങളിലും താടിക്കാരെ വളരെ മികച്ച രീതിയിലാണ് പരിഗണിക്കുക. പലരും താടി കൊള്ളാം എന്ന് തുറന്നുപറയുകയും ചെയ്യാറുണ്ട്. പക്ഷേ, കേരളത്തിൽ മാത്രം മറ്റുള്ളവരുടെ കണ്ണിൽ എന്റെ താടി കരടാകുന്നു. ഇതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നേയില്ല– ധനിൽ പറയുന്നു.
സാധാരണ താടിയിലുപരി ധനിലിന് തന്റെ താടി പരിചരിക്കാൻ ഏറെ സമയവും വൻ തുകയും ആവശ്യമായി വരുന്നു. വളരെ ക്ഷമ ആവശ്യമുള്ള കാര്യമാണിത്. ആഴ്ചയിൽ രണ്ട് പ്രാവശ്യമെങ്കിലും ബ്യൂട്ടി പാർലറിൽ ചെന്ന് താടി ഒരുക്കേണ്ടി വരുന്നു. ഇനിയെങ്ങാൻ താടിയെടുത്താൽ മുഖത്ത് അതിന്റെ മാറ്റവും ഉണ്ടാകും. എങ്കിലും താനേറെ ഇഷ്ടപ്പെടുന്ന താടി മുഖസൗന്ദര്യമാക്കാൻ തന്നെയാണ് ധനിലിന്റെ പദ്ധതി.
https://www.facebook.com/Malayalivartha