അതിദരിദ്രരില്ലാത്ത നഗരസഭയായി നെടുമങ്ങാട് നഗരസഭ ; നെടുമങ്ങാട് നഗരസഭാ പരിധിയിൽ കഴിഞ്ഞ 9 വർഷത്തിനുള്ളിൽ നാലായിരം കുടുംബങ്ങൾക്കാണ് ലൈഫ് പദ്ധയിലൂടെ വീട് നൽകിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ

മിനി കുടിവെള്ള പദ്ധതി, വെയിറ്റിംഗ്ഷെഡ് നവീകരണം തുടങ്ങി നെടുമങ്ങാട് നഗരസഭ തറട്ട വാർഡിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 94 അതിദരിദ്ര കുടുംബങ്ങളാണ് നെടുമങ്ങാട് നഗരസഭയിൽ ഉണ്ടായിരുന്നത്. അതിപ്പോൾ 16 ആയി. ആ കുടുംബങ്ങളെ കൂടി അതിദാരിദ്ര്യത്തിൽ നിന്ന് കൈപിടിച്ചുയർത്തി കഴിയുമ്പോൾ .
മൂന്ന് മാസത്തിനുള്ളിൽ നെടുമങ്ങാട് മണ്ഡലത്തിൽ പട്ടയം എന്ന ആവശ്യവുമായി കഷ്ടപ്പെടുന്ന ഒരു മനുഷ്യനും കാണില്ല. എത്രയും പെട്ടെന്ന് ശേഷിക്കുന്നവർക്ക് കൂടി പട്ടയം നൽകും. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ വികസനത്തിനായി 89 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു കഴിഞ്ഞു. മാർക്കറ്റ് നവീകരണം, ബസ് ഡിപ്പോ നവീകരണം, റോഡുകളുടെ നവീകരണം തുടങ്ങി വികസന മുന്നേറ്റത്തിന്റെ പുതിയ മുഖമായി മാറുകയാണ് നെടുമങ്ങാട് എന്നും മന്ത്രി പറഞ്ഞു.
നഗരസഭയ്ക്ക് കീഴിലുള്ള ഇരുമരത്തെയും കാരാന്തലയിലെയും പൊതുകിണർ പുനരുദ്ധരിച്ച്, ചെറിയ ടാങ്കുകൾ സ്ഥാപിച്ച് മിനി കുടിവെള്ള പദ്ധതി സാധ്യമാക്കിയതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.പതിറ്റാണ്ടുകൾ പഴക്കമുള്ള റേഡിയോ ക്വാസ്‌ക് പുതുക്കിപണിത് എഫ് എം റേഡിയോ സ്റ്റേഷൻ ആക്കിയതിന്റെയും, ഇരുമരത്തുള്ള വെയിറ്റിംഗ്ഷെഡ് നവീകരിച്ചതിന്റെയും ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
യോഗത്തിൽ പ്രദേശവാസി അജയകുമാർ നഗരസഭയുടെ വികസനാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് തൻ്റെ കൈവശമുള്ള 13 സെൻ്റ് സ്ഥലത്തിന്റെ അവകാശം നഗരസഭയ്ക്ക് സൗജന്യമായി കൈമാറി. തറട്ട വാർഡിനെ മാലിന്യമുക്ത വാർഡാക്കി മാറ്റുന്നതിന് വേണ്ടി പരിശ്രമിച്ച ഹരിതകർമ്മസേനാംഗങ്ങളേയും തൊഴിലുറപ്പ് തൊഴിലാളികളേയും ചടങ്ങിൽ ആദരിച്ചു. തറട്ട വാർഡിലുള്ള പൊതുസ്ഥാപനങ്ങളേയും, ആരാധനാലയങ്ങളേയും ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha