ഹിമാലയത്തിൽ യതിയുടെ കൂറ്റൻ കാൽപ്പാടുകൾ കണ്ടെന്ന് ഇന്ത്യൻ സൈന്യം .....യതി മഞ്ഞുമലകളിൽ ചൂളമടിച്ചു കറങ്ങി നടക്കാറുണ്ടെന്ന് ബുദ്ധഭിക്ഷുക്കളും ...

യതി എന്ന മഞ്ഞു മനുഷ്യന്‍റെ കാൽപ്പാട് ഹിമാലയത്തിൽ കണ്ടതായി ഇന്ത്യൻ സൈന്യം. ഇന്ത്യൻ കരസേനയുടെ പര്‍വതാരോഹക സംഘമാണ് യതിയുടെ കാൽപ്പാടുകള്‍ കണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. നേപ്പാളിലെ മക്കാളു ബേസ് ക്യാംപിനു സമീപത്തു നിന്നുള്ള ദൃശ്യങ്ങളും സൈന്യം പങ്കുവെച്ചിട്ടുണ്ട്. സൈന്യത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിൽ വഴിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഏപ്രിൽ ഒൻപതിന് സൈന്യത്തിന്റെ പർവതാരോഹക സംഘമാണ് ഈ കാൽപ്പാട് കണ്ടതെന്നും ട്വിറ്ററിൽ പറയുന്നുണ്ട്
ടിബറ്റൻ പ്രദേശങ്ങളിലെ മഞ്ഞു മൂടിയ മേഖലകളിൽ കണ്ടുവരുന്ന കൂറ്റൻ ആള്‍ക്കുരങ്ങാണ് യതി എന്നാണ് പറയപ്പെടുന്നത്. എന്നാൽ യതി ജീവിച്ചിരിക്കുന്നതായി ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. യതിയുടേതെന്ന് കരുതപ്പെടുന്ന വലിയ കാൽപ്പാടുകള്‍ പല തവണ പ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. 1925 ലാണ് ഹിമാലയത്തില്‍ അസാധാരണ വലിപ്പമുള്ള മനുഷ്യരൂപത്തെ കണ്ടതായി ബ്രിട്ടിഷ് ജോഗ്രഫിക്കല്‍ സൊസൈറ്റിയിലെ അംഗങ്ങള്‍ അവകാശപ്പെട്ടത്. പാതി മനുഷ്യനും പാതി മൃഗരൂപവുമായ ഈ ജീവിക്ക് യതി എന്ന് പേര് നൽകി എങ്കിലും ഇപ്പോഴും ഇത് സത്യമോ മിഥ്യയോ എന്ന് ഉറപ്പിക്കാൻ ശാസ്ത്രലോകത്തിനു കഴിഞ്ഞിട്ടില്ല. പലപ്പോഴായി യതിയുടേതെന്നു കരുതി പലരും ശേഖരിച്ച ഫോസിലുകൾ ഗവേഷകര്‍ പഠന വിധേയമാക്കി എങ്കിലും ഇവയെല്ലാം മറ്റു മൃഗങ്ങളുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഏകദേശം 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാൽപ്പാടുകളാണ് കരസേനയുടെ പര്‍വതാരോഹക സംഘം കണ്ടെത്തിയത്. ഇതാദ്യമായാണ് തങ്ങള്‍ യതിയുടെ കാൽപ്പാടുകള്‍ കണ്ടെത്തുന്നതെന്നും സൈന്യം പറയുന്നു.
ഈ മാസം ഒൻപതിനാണ് ഇന്ത്യൻ സൈന്യം യതിയുടേതെന്ന് കരുതപ്പെടുന്ന കാൽപ്പാദം കണ്ടെത്തിയത്. മഞ്ഞിൽ പതിഞ്ഞ ഒരു കാൽപ്പാദത്തിന്‍റെ ചിത്രവും സൈന്യം പങ്കുവെച്ചിട്ടുണ്ട്.ചരിത്രപ്രകാരം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളിലാണ് യതിയെന്ന ഭീമന്‍ മനുഷ്യനെപ്പറ്റിയുള്ള വാര്‍ത്തകള്‍ കേൾക്കാൻ തുടങ്ങിയിട്ടുള്ളത് .
എന്നാൽ ഇന്നുവരെ ആരും യതിമാനുഷ്യനെ നേരിട്ട് കണ്ടതായി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. അതേസമയം കയ്യിലൊരു കൂറ്റന്‍ കല്ലായുധവുമായി ചൂളം വിളിച്ച് ചുറ്റിത്തിരിയുന്ന ഭീമാകാരനായ യതി വർഷങ്ങളായി ഹിമാലയത്തിൽ ഉണ്ടെന്നു തന്നെയാണ് ഇവിടുത്തെ ബുദ്ധഭിക്ഷുക്കൾ വിശ്വസിക്കുന്നത് . ഇപ്പോൾ ഇന്ത്യൻ സേന യതിയുടേതെന്നു കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തിയതോടെ യതി എന്ന കൂറ്റൻ മഞ്ഞുമനുഷ്യൻ വീണ്ടും ചർച്ചയാകുകയാണ്
https://www.facebook.com/Malayalivartha