പൊലീസുകാരി ചോക്ലേറ്റ് മോഷ്ടിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞു, മാപ്പെഴുതി വയ്പ്പിച്ചതിന് കട തല്ലിത്തകര്‍ത്ത് പ്രതികാരം

ചെന്നൈയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം നടത്തിയ പൊലീസുകാരിയെ സിസിടിവി കുടുക്കി. മോഷണം കണ്ടെത്തിയ കടയുടമ ഇവരില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ തിരികെ വാങ്ങി. ഇതിന് പിന്നാലെ ഇവരെക്കൊണ്ട് മാപ്പ് അപേക്ഷ എഴുതിക്കുകയും ചെയ്തു.
എന്നാല്‍ കടയുടമ മോഷണം പിടികൂടിയതിന്റെ പ്രതികാരമായി ഇവര്‍ ഭര്‍ത്താവിനെയും ആളുകളെയും കൂട്ടി വന്ന് കട തല്ലിതകര്‍ത്തു. മോഷണം കണ്ടെത്തിയ കടയിലെ ജീവനക്കാരനെയും തല്ലിച്ചതച്ചു.
നന്ദിനി എന്ന കോണ്‍സ്റ്റബിളിനെയാണ് കൈയ്യോടെ പിടികൂടിയത്. ഔദ്യോഗിക വേഷത്തില്‍ കടയിലെത്തിയ നന്ദിനി ഫോണില്‍ സംസാരിച്ചുകൊണ്ട് റാക്കില്‍ നിന്ന് ചോക്ലേറ്റും, കൊതുക് തിരിയുമാണ് മോഷ്ടിച്ചത്. ഇത് എടുത്തിട്ട് സാവധാനത്തില്‍ പോക്കറ്റിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ കടയില്‍ സിസിടിവി ഉള്ള കാര്യം കോണ്‍സ്റ്റബിള്‍ അറിഞ്ഞിരുന്നില്ല. കടയിലെ ജീവനക്കാരന്‍ ഈ ദൃശ്യം കാണുകയും ഉടമയെ അറിയിക്കുകയും ചെയ്തു. ഇതോടെ നന്ദിനിയെ ഉടമ പിടികൂടുകയായിരുന്നു. 115 രൂപയുടെ സാധനങ്ങളാണ് ഇവര്‍ കട്ടെടുത്തത്.
തെളിവുകളോടെ പിടികൂടിയപ്പോള്‍ അവര്‍ക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. ഉടമ പറഞ്ഞതനുസരിച്ച് മാപ്പ് അപേക്ഷയും എഴുതി നല്‍കി. പിന്നീട് വീട്ടിലെത്തിയിട്ടാണ് ഇവര്‍ ഭര്‍ത്താവിനെയും കൂട്ടി വന്ന് ആക്രമണം നടത്തിയത്.
ഇത് കടയുടമ പൊലീസില്‍ അറിയിച്ചു. സംഭവം വിവാദമായതോടെ നന്ദിനിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. മോഷണം നടത്തിയതായി കണ്ടെത്തിയ നന്ദിനിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























