മാവേലി എക്‌സ്പ്രസില്‍ അപൂര്‍വ്വ അതിഥി!

ഇക്കഴിഞ്ഞ 25-നു കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ട മാവേലി എക്‌സ്പ്രസിന്റെ എസി കോച്ചില്‍ ഒരു ടിക്കറ്റില്ലാ 'യാത്രക്കാരനു'ണ്ടായിരുന്നു. കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ട ട്രെയിന്‍ മംഗളൂരു വഴി ചെന്നൈയില്‍ എത്തിയിട്ടും ഇറങ്ങാന്‍ കൂട്ടാക്കാത്ത 'യാത്രക്കാരനെ' റെയില്‍വേ ജീവനക്കാര്‍ പിടികൂടി തല്ലിക്കൊന്നു!
ടിക്കറ്റില്ലാതെ യാത്ര ചെയ്‌തെന്ന് വച്ച് ആ കുറ്റത്തിന് പിടിച്ച് തല്ലിക്കൊല്ലേണ്ട കാര്യമുണ്ടോ എന്നൊക്കെ ആക്രോശിക്കാന്‍ തോന്നുന്നുണ്ടാവും അല്ലേ? ഒരു വെള്ളിക്കെട്ടന്‍ (ശംഖുവരയന്‍) പാമ്പാണ് കഥാപാത്രം. ഇക്കഴിഞ്ഞ 25-നു കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ട മാവേലി എക്‌സ്പ്രസിലാണ് പാമ്പു കയറിയത്.
വാതിലിനു മുകളില്‍ കയറിപ്പറ്റിയ പാമ്പ് കൊച്ചുവേളിയില്‍ വച്ചു തന്നെ ട്രെയിനിലെ എസി അറ്റന്‍ഡറുടെ ദേഹത്തു വീണിരുന്നു. തുടര്‍ന്നു കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ കോച്ചുകള്‍ ഘടിപ്പിക്കുന്ന ഭാഗത്തെ വിടവിലൂടെ താഴേക്ക് ഇറങ്ങി. ജീവനക്കാര്‍ പാളത്തില്‍ നോക്കിയെങ്കിലും കണ്ടില്ല. പാളത്തില്‍ ഉള്‍പ്പെടെ പടര്‍ന്നു കിടക്കുന്ന കാട്ടിലേക്കു കയറിക്കാണുമെന്നു കരുതി.
26-നു രാവിലെ മംഗളൂരുവിലെത്തിയ ട്രെയിന്‍ ഉച്ചയ്ക്കു മംഗളൂരു - ചെന്നൈ മെയിലായി പുറപ്പെട്ട് 27-നു ചെന്നൈയിലെത്തി. അവിടെ ശുചീകരണം നടത്തവേയാണു രണ്ടാം ക്ലാസ് കോച്ചിനകത്തു പാമ്പിനെ വീണ്ടും കണ്ടത്. വാതിലിന്റെ വിടവില്‍ ഒളിഞ്ഞു കിടക്കുകയായിരുന്ന പാമ്പിനെ തല്ലിക്കൊന്നു കുഴിച്ചിടുകയും ചെയ്തു.
കൊച്ചുവേളിക്കും തിരുവനന്തപുരത്തിനും ഇടയില്‍ പണികള്‍ നടക്കുന്നതിനാല്‍ മാവേലി എക്‌സ്പ്രസ് നിലവില്‍ കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിച്ചു നിര്‍ത്തിയിടുകയാണ്. കാടുമൂടിയ ഇവിടെ വച്ചാണ് പാമ്പ് ട്രെയിനില്‍ കയറിയതെന്നു കരുതുന്നു.
https://www.facebook.com/Malayalivartha



























