ദവീന്ദറിന്റെ ഇന്നോവ കാര്‍, 'നിങ്ങളുടെ അടുക്കള'!

അമിതാഭ് ബച്ചന്‍ അവതാരകനായ കോന്‍ ബനേഗ ക്രോര്‍പതിയില്‍ പങ്കെടുക്കുന്നവരുടെ വ്യത്യസ്തമായ ജീവിതകഥകള്‍ കൊണ്ട് കൂടിയാണ് ഓരോദിവസവും ആ പരിപാടി മാധ്യമശ്രദ്ധ നേടുന്നത്. ഇത്തവണ അതിലെ നായകന്‍ ഫരീദാബാദില്‍ നിന്നുള്ള ദവീന്ദര്‍സിംഗാണ്. ദവീന്ദര്‍ കോടിപതിയായില്ല. 6,40,000 രൂപമാത്രമേ അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞുള്ളൂ. പക്ഷേ, കോടിയേക്കാള്‍ മൂല്യമുള്ള പുണ്യമാണ് അദ്ദേഹം ജീവിതത്തില്‍ ആര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നത്!
പൂനെ ഇന്‍ഫോസിസില്‍ കംപ്യൂട്ടര്‍ എന്‍ജീനിയറായ ദവീന്ദറിന്റെ ഇന്നോവ കാര്‍ എല്ലാ ശനിയാഴ്ചയും ഹരിയാനയിലെ ഫരീദാബാദിന്റെ തെരുവുകളില്‍ എത്തും. അതും കാത്ത് കുറച്ചുപേരുണ്ടാകും. അവര്‍ക്ക് ദവീന്ദര്‍ ഭക്ഷണവും നല്‍കും. പക്ഷേ, അഞ്ചു രൂപ നല്‍കണം. അഞ്ചു രൂപയെന്തിനാണ് വാങ്ങുന്നതെന്ന് ദവീന്ദറിനോട് ചോദിച്ചാല്‍, ചിരിച്ചുകൊണ്ട് ഉടന്‍ വരും മറുപടി. അത് അവര്‍ക്ക് ദാനമായി കിട്ടിയ ഭക്ഷണം എന്ന് തോന്നാതിരിക്കാനാണ്!
ഫരീദാബാദിലെ സെക്ടര്‍ 28- ലെ താമസക്കാരനായ ദവീന്ദര്‍ തന്റെ ഇന്നോവ കാര്‍ അടുക്കളയാക്കി കറങ്ങിനടന്ന് ആഹാരം വിളമ്പുന്ന പരിപാടിക്ക് ഒരു പേരും ഇട്ടിട്ടുണ്ട്. ''ആപ് കി രസോയ്' അഥവാ നിങ്ങളുടെ അടുക്കള.
ഗുരുദ്വാരകളില്‍ വൃദ്ധരായവര്‍ക്ക് ആഹാരം കൊടുക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. അങ്ങനെയാണ് വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതാണ് ഏറ്റവും വലിയ സേവനമെന്നും മനുഷ്യനന്മയെന്നും തനിക്ക് തോന്നിത്തുടങ്ങിയതെന്ന് ദവീന്ദര്‍ പറയുന്നു. 2006-ല്‍ ഡല്‍ഹിയില്‍ രണ്ടുകുട്ടികള്‍ പട്ടിണി മൂലം മരിച്ചതാണ് അയാളുടെ മനസിനെ പിടിച്ചുകുലുക്കിയതത്രേ. എല്ലാ വെള്ളിയാഴ്ചയും രാത്രി ആഹാരമുണ്ടാക്കും. ശനിയാഴ്ച രാവിലെ അത് വണ്ടിയില്‍ തെരുവുകളിലെത്തിക്കും. ഇതാണ് വര്‍ഷങ്ങളായുള്ള പതിവ്.
സഹോദരന്‍ ഗുര്‍വീന്ദര്‍ സിംഗ്, അച്ഛന്‍ മന്മോഹനന്‍ സിംഗ്, അമ്മ സത്‌നം കൗര്‍, ഭാര്യ നവനീത് കൗര്‍, സുഹൃത്ത് കര്‍ണ എന്നിവരൊക്കെ എല്ലാ പിന്തുണയും നല്‍കി ദവീന്ദറിന്റെ ഒപ്പമുണ്ട്.
https://www.facebook.com/Malayalivartha



























