ഭാര്യയുടെ പ്രസവസമയത്ത് എത്താനാവാതിരുന്ന പട്ടാളക്കാരനായ ഭര്‍ത്താവ് ഒടുവില്‍ ഭാര്യയ്ക്ക് സര്‍പ്രൈസ് കൊടുത്തതിന്റെ ദൃശ്യങ്ങള്‍ കണ്ട് സോഷ്യല്‍ ലോകത്തിന്റെ കണ്ണു നനഞ്ഞു!

ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഭര്‍ത്താവിന്റെ സാമീപ്യമാണ്. എന്നാല്‍ എല്ലാവര്‍ക്കും ഇത് കിട്ടാറുമില്ല. ജോലി തിരക്കുമൂലം മറ്റ് രാജ്യങ്ങളിലോ നഗരങ്ങളിലോ ചേക്കേറുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാര്‍ ആഗ്രഹിക്കുന്നതു പോലെ ഒപ്പം ഉണ്ടാകാന്‍ സാധിക്കാറില്ല. സിഡ്‌നി കൂപ്പര്‍ എന്ന അമേരിക്കന്‍ യുവതിയുടെ ജീവിതത്തിലും ഇതേ സാഹചര്യമായിരുന്നു.
പ്രസവ വേദനയെ തുടര്‍ന്ന് സിഡ്‌നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസം തികയാതെയായിരുന്നു പ്രസവം. രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. പക്ഷേ കുഞ്ഞുങ്ങളെ ഏറ്റു വാങ്ങാന്‍ അച്ഛന് എത്താനായില്ല. പട്ടാളക്കാരനായ ഭര്‍ത്താവ് സൈന്യത്തോടൊപ്പം കുവൈത്തിലായിരുന്നു. മാസം തികയാതെ പിറന്നതു കൊണ്ട് 12 ദിവസം മക്കളെ ശിശു പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിനു വിധേയമാക്കി. ജീവിതത്തിലെ നിര്‍ണായക ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴാണ് സിഡ്‌നിയെ തേടി ഭര്‍ത്താവിന്റെ സര്‍പ്രൈസ് എത്തുന്നത്.
കുട്ടിയെയും കൈയ്യില്‍ വെച്ച് ആശുപത്രി മുറിയില്‍ ഇരിക്കുന്ന സിഡ്‌നിയുടെ മുന്നിലേക്ക് ഭര്‍ത്താവ് സ്‌കൈലര്‍ എത്തി. അപ്രതീക്ഷിതമായി ഭര്‍ത്താവിനെ കണ്ടതോടെ സിഡ്‌നിയുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. അവള്‍ കരയാന്‍ തുടങ്ങി. ഭാര്യയേയും കയ്യിലുണ്ടായിരുന്ന ഒരു കുഞ്ഞിനെയും ചേര്‍ത്തു പിടിച്ച് സ്‌കൈലര്‍ അവരെ ആശ്വസിപ്പിച്ചു.
സിഡ്‌നി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച വിഡിയോ ഇതുവരെ 92 ലക്ഷത്തിലധികം പേര്‍ കണ്ടു. രണ്ട് ആണ്‍മക്കളുമുണ്ട് ഈ ദമ്പതികള്‍ക്ക്. വീട്ടിലെത്തി സ്‌കൈലര്‍ ഇവര്‍ക്കും സര്‍പ്രൈസ് കൊടുത്തു. ആ വിഡിയോയും സിഡ്‌നി പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























