മലയാളിയ്ക്ക് ഗൃഹാതുരമായ ഒരോര്‍മ്മ ..ഞാവല്‍, ആഞ്ഞിലി തരംഗം... വില കേട്ടാല്‍ ആരും ഒന്നു ഞെട്ടും!

സാമൂഹിക മാധ്യമങ്ങള്‍ ഉണര്‍ത്തിവിട്ട, മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മയും മായം ചേര്‍ന്ന പഴങ്ങളില്‍നിന്നു വ്യത്യസ്തമായ വിശ്വാസ്യതയുമൊക്കെ ഞാവല്‍ പഴത്തിനും ആഞ്ഞിലി ചക്കയ്ക്കുമൊക്കെ വലിയ വിപണി തുറന്നു നല്‍കിയതോടെ ഞാവല്‍ പഴവും ആഞ്ഞിലി ചക്കയുമൊക്കെ നടത്തുന്നത് ഒരൊന്നന്നര തിരിച്ചുവരവാണ്.
വേനലവധിക്കാലത്ത് കുട്ടികള്‍ക്ക് കളികള്‍ക്കിടെ വീണുകിട്ടുന്ന ചെറിയ മധുരം എന്നതില്‍ നിന്നു മാറി ഞെട്ടിക്കുന്ന ഔഷധഗുണങ്ങളുണ്ടെന്ന ഗവേഷകരുടെ പഠനങ്ങള്‍ ഈ നാടന്‍ പഴങ്ങളുടെ മൂല്യം വലിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്.
നാട്ടുപറമ്പുകളില്‍ പ്രത്യേക പരിചരണമൊന്നുമില്ലാതെ വളര്‍ന്നുനിന്നിരുന്ന ഞാവല്‍ മരത്തില്‍നിന്നും ആഞ്ഞിലി മരത്തില്‍നിന്നും വീഴുന്ന പഴങ്ങള്‍ പക്ഷികള്‍ക്കും മറ്റും ഭക്ഷണമായിരുന്ന കാലം മാറിയിരിക്കുന്നു.
നാട്ടിലിപ്പോള്‍ ഈ പഴങ്ങള്‍ കിട്ടാനില്ലെന്ന സ്ഥിതിയുണ്ട്. ചെറുകൂടകളില്‍ നിറച്ച ഞാവല്‍പ്പഴങ്ങളുമായി തിരുനെല്‍വേലിയില്‍നിന്നും ഗുണ്ടൂരില്‍നിന്നുമൊക്കെ വില്‍പനക്കാരെത്തി ത്തുടങ്ങിയിരിക്കുന്നു. പ്രധാന പാതയോരങ്ങളിലൊക്കെ ഇവര്‍ സജീവം.
ആന്ധ്ര, തമിഴ്നാട് തുടങ്ങിയ അയല്‍സംസ്ഥാനങ്ങളില്‍നിന്നു നിത്യവും 300-400 കിലോഗ്രാം വീതമാണ് ഇവ എത്തുന്നത്. 250 ഗ്രാം ഞാവല്‍ പഴത്തിനു 100 രൂപയാണു വില. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ആന്ധ്രയിലും തമിഴ്നാട്ടിലും വാണിജ്യാടിസ്ഥാനത്തില്‍ ഞാവല്‍ വിളയിക്കുന്നുണ്ട്. ജംബൂഫലമെന്ന് പ്രശസ്തമായ ഫലവൃക്ഷത്തിന്റെ ജന്മദേശം ഏഷ്യാവന്‍കരയാണ്.
പോഷകഗുണവും ഔഷധവീര്യവും പഴത്തിനു ഡിമാന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. വിലയും. വഴിയോരങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ആഞ്ഞിലിച്ചക്കയും വില്‍പനയ്‌ക്കെത്തുന്നു. വില കേട്ടാല്‍ ആരും ഒന്നു ഞെട്ടും. തരംതിരിച്ചാണു വില്‍പന. നല്ല ഭംഗിയും വലുപ്പവും മധുരവുമുള്ള ആഞ്ഞിലിച്ചക്കയ്ക്കു കിലോഗ്രാമിന് 200 മുതല്‍ 250 രൂപ വരെയാണു വില.
https://www.facebook.com/Malayalivartha