രോമത്തിന് വേണ്ടി വളര്‍ത്തുന്ന, അഴകും ഓമനത്വവും നിറഞ്ഞ അങ്കോറ

ഒറ്റ നോട്ടത്തില്‍ ഒരു വെളുത്ത ബോളാണെന്നോ ഒരു പഞ്ഞിക്കെട്ട് ഉരുട്ടിവച്ചിരിക്കുകയാണെന്നോ ഒക്കെ തോന്നും.എന്നാല്‍ ഇത് ശരിക്കും ഒരു മുയലിന്റെ ചിത്രമാണ്. ലോകത്തുള്ളതില്‍വച്ച് ഏറ്റവും നീളത്തില്‍ രോമങ്ങള്‍ വളരുന്ന ഈ മുയല്‍ വര്‍ഗത്തിന്റെ പേര് അങ്കോറ എന്നാണ്. നമ്മുടെ നാട്ടില്‍ മാംസത്തിനുവേണ്ടി മുയലുകളെ വളര്‍ത്തുമ്പോള്‍ അങ്കോറ മുയലുകളെ അവയുടെ രോമത്തിന് വേണ്ടിയാണ് വളര്‍ത്തുന്നത്. ഇവയുടെ വെളുത്ത, നനുത്ത രോമത്തില്‍നിന്നുണ്ടാക്കുന്ന അങ്കോറ കമ്പിളി ലോകപ്രശസ്തമാണ്.
മനുഷ്യന്‍ ആദ്യമായി ഇണക്കിവളര്‍ത്തിയ മുയല്‍ വര്‍ഗമായ അങ്കോറയുടെ ജന്മദേശം തുര്‍ക്കിയാണ്. തുര്‍ക്കിയിലെ ഒരു തുറമുഖമായിരുന്നു അങ്കോറ. 18-ാം നൂറ്റാണ്ടില്‍ ഇവിടെ എത്തിയ ഫ്രഞ്ച് നാവികര്‍ ഈ പ്രദേശവാസികള്‍ ഉപയോഗിക്കുന്ന വിശിഷ്ടമായ പുതപ്പുകളെക്കുറിച്ച് കേള്‍ക്കാന്‍ ഇടയായി. ഇവിടെ മാത്രം കണ്ടുവരുന്ന മുയലുകളുടെ രോമം ഉപയോഗിച്ച് ഉണ്ടാക്കുന്നതായിരുന്നു ആ പുതപ്പുകള്‍. അങ്കോറയില്‍നിന്ന് മടങ്ങിയപ്പോള്‍ നാവികര്‍ കുറച്ചു മുയലുകളെയും കൂടെക്കൂട്ടി.
ഫ്രാന്‍സിലെത്തിയപ്പോള്‍ ഈ മുയലുകള്‍ അങ്കോറ മുയലുകള്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഫ്രാന്‍സിലെ രാജകുടുംബങ്ങളിലൊക്കെ, ഇവയുടെ അഴകും ഓമനത്വവും കാരണമാകാം അങ്കോറ മുയലുകളെ വളര്‍ത്താന്‍ തുടങ്ങി. പിന്നീട് ഇവയുടെ എണ്ണം വര്‍ധിക്കുകയും യൂറോപ്പിന്റെ പലഭാഗങ്ങളിലും വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്തുകയും ചെയ്തു.ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറെ ആവശ്യക്കാരുള്ള ഒരു വളര്‍ത്തുമൃഗമാണ് അങ്കോറ മുയലുകള്‍.
https://www.facebook.com/Malayalivartha